
representative image
ആശുപത്രിക്ക് സമീപം നവജാത ശിശുവിന്‍റെ മൃതദേഹം നായ ഭക്ഷിച്ചു; അന്വേഷണത്തിന് ഉത്തരവ്
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ അശോക്‌നഗർ ജില്ല ആശുപത്രിക്ക് സമീപം നവജാത ശിശുവിന്‍റെ മൃതദേഹം നായ ഭക്ഷിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. നവജാത ശിശുവിന്‍റെ മൃതദേഹവുമായി നായയെ ശുചീകരണ തൊഴിലാളിയാണ് കണ്ടത്.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തതായി ആശുപത്രിയിലെ സിവിൽ സർജൻ ഡോ. ഡി.കെ. ഭാർഗവ അറിയിച്ചു. 'ഇവിടെ പലപ്പോഴും നവജാതശിശുക്കളുടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾ ശരിയായി സംസ്‌കരിക്കാത്തത് കാണാറുണ്ട്. അവർ മൃതദേഹം വലിച്ചെറിയുകയാണ് പതിവ്' -ഡോ. ഡി.കെ. ഭാർഗവ പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്റ്റിലും സമാനമായ സംഭവം ആശുപത്രിക്ക് പുറത്ത് നടന്നിരുന്നു. രണ്ട് വർഷത്തിനിടെ ഇത് നാലാമത്തെ സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.
ദിവസവും നാനൂറോളം രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കുറവുണ്ട്. ആശുപത്രിയിൽ 24 അംഗീകൃത ഡോക്ടർമാരുടെ തസ്തികകളുള്ളതിൽ 20 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. 49 വാർഡ് ബോയ്‌സിനും സാങ്കേതിക വിദഗ്ധർക്കും അനുമതിയുണ്ട്. എന്നാൽ, ഇതിൽ 31 തസ്തികകൾ നികത്തിയിട്ടില്ല.
സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഇതുതന്നെയാണ് സ്ഥിതി. 13 മെഡിക്കൽ കോളജുകളിലായി 856 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സർക്കാർ ആശുപത്രികളിൽ ആകെ 8904 ഡോക്ടർമാരുടെ തസ്തികയുണ്ടായിട്ടും 4815 ഡോക്ടർമാരാണുള്ളത്. 16,000 നഴ്സിങ് ജീവനക്കാരുടെ കുറവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
