ലഖിംപുർ: എല്ലാ കൊലക്കേസ് പ്രതികൾക്കും ഒരു കൊല്ലമായാൽ ജാമ്യം നൽകുമോ? -സുപ്രീംകോടതിയോട് ദവെ
text_fieldsന്യൂഡൽഹി: എല്ലാ കൊലക്കേസ് പ്രതികൾക്കും ഒരുകൊല്ലം കഴിഞ്ഞാൽ ജാമ്യം നൽകുമെന്ന് സുപ്രീംകോടതി ഒരു പൊതുതത്ത്വമുണ്ടാക്കുമോ എന്ന് മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ദുഷ്യന്ത് ദവെ ചോദിച്ചു.
ലഖിംപുർ ഖേരിയിൽ സമരത്തിനെത്തിയ കർഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒരു കൊല്ലം ജയിലിൽ കിടന്നില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോഴാണ് ദവെയുടെ മറുചോദ്യം.
കൊല്ലപ്പെട്ട കർഷകരുടെ ആശ്രിതർക്കായി വാദിക്കുകയായിരുന്നു ദവെ. കേന്ദ്രമന്ത്രിയുടെ മകനെ എത്രകാലം ജയിലിൽ വെക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചപ്പോൾ എല്ലാ കൊലക്കേസുകളിലെയും പ്രതികൾക്ക് ഒരു വർഷം കസ്റ്റഡിയിൽ കിടന്നാൽ ജാമ്യം നൽകുമെങ്കിൽ മിശ്രക്ക് ജാമ്യം നൽകുന്നതിനെ താൻ അംഗീകരിക്കുമെന്ന് ദവെ മറുപടി നൽകി. തുടർന്ന് വിചാരണ എന്ന് തുടങ്ങുമെന്ന വിവരം അറിയിക്കാൻ ആവശ്യപ്പെട്ട് കേസ് ജാമ്യാപേക്ഷ ജനുവരിയിലേക്ക് മാറ്റിവെച്ചു.

