ഉദ്ധവിനോട് നേതാക്കൾ; കോൺഗ്രസ് സഖ്യം വേണ്ട
text_fieldsമുംബൈ: കോൺഗ്രസുമായുള്ള സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതികൂലമായെന്നും വരുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കണമെന്നും ഉദ്ധവ് താക്കറെ പക്ഷ ശിവസേനയിൽ ചർച്ച. കഴിഞ്ഞ ദിവസം എം.എൽ.എമാരുടെയും സ്ഥാനാർഥികളുടെയും യോഗത്തിലാണ് ചർച്ച നടന്നത്. ഹിന്ദുത്വവും മറാത്തിവാദവും ശക്തമായി തിരിച്ചുകൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മതേതരവാദികളായ കോൺഗ്രസിനൊപ്പം മത്സരിച്ചതിനാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകളേറെയും ഏക്നാഥ് ഷിൻഡെ പക്ഷത്തിന് പോയെന്നുപറഞ്ഞ നേതാക്കൾ കൂടുതൽ അണികൾ ചോർന്നു പോകുമെന്ന ആശങ്കയും പ്രകടിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവരുടെ വിമതന്മാരെ തുണച്ച് പാർട്ടിയെ തോൽപിച്ചതും നേതാക്കൾ ചൂണ്ടിക്കാട്ടി.
മുംബൈ ഉൾപ്പെടെയുള്ള നഗരസഭ തെരഞ്ഞെടുപ്പുകളാണ് അടുത്ത് വരാനുള്ളത്. ശിവസേനയുടെ ജീവവായു ആയാണ് മുംബൈ നഗരസഭ ഭരണം വിശേഷിപ്പിക്കപ്പെടുന്നത്.
നഗരസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്ക് മത്സരിക്കണമെന്നാണ് ആവശ്യം. സ്ഥിതിഗതികൾ പരിശോധിച്ചശേഷം തീരുമാനിക്കാമെന്നാണ് ഉദ്ധവ് മറുപടി നൽകിയതത്രെ.
ചർച്ച ശരിവെച്ച പാർട്ടി വക്താവ് സഞ്ജയ് റാവുത്ത്, അതിനർഥം ഉദ്ധവ് പക്ഷം മഹാവികാസ് അഘാഡി സഖ്യം (എം.വി.എ) വിടുന്നു എന്നല്ലെന്നും അണികളുടെ സ്വാഭാവിക വികാരമാണതെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

