ബുദ്ധിമാനായ മൂർത്തി സർവേയെ തെറ്റിദ്ധരിച്ചു -സിദ്ധാരാമയ്യ
text_fieldsബംഗളൂരു: കർണാടകയിൽ നടക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയെക്കുറിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിക്കും ഭാര്യയും എഴുത്തുകാരിയുമായ സുധ മൂർത്തിക്കും ചില തെറ്റിദ്ധാരണകളുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘ഇത് പിന്നാക്ക ജാതിക്കാർക്കായുള്ള ഒരു സർവേ ആണെന്ന് ഒരു ധാരണയുണ്ട്. ഇത് പിന്നാക്ക വിഭാഗ സർവേയല്ല. അവർ എന്ത് വേണമെങ്കിലും എഴുതട്ടെ. ഈ സർവേ എന്തിനെക്കുറിച്ചാണെന്ന് ആളുകൾ മനസ്സിലാക്കണം. അവർക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യണം?’ -മുഖ്യമന്ത്രി വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾ പിന്നാക്ക സമുദായങ്ങളിൽ പെട്ടവരല്ലെന്ന് ചൂണ്ടിക്കാട്ടി സർവേയിൽ പങ്കെടുക്കാൻ മൂർത്തി കുടുംബം വിസമ്മതിച്ചിരുന്നു.
‘ഇൻഫോസിസ് (സ്ഥാപകൻ) എന്നാൽ 'ബൃഹസ്പതി' (ബുദ്ധിമാൻ) എന്നാണോ അർത്ഥമാക്കുന്നത്? പിന്നാക്ക വിഭാഗ സർവേയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ള സർവേയാണെന്ന് ഞങ്ങൾ 20 തവണ പറഞ്ഞിട്ടുണ്ട്. ആഡംബരമില്ലാത്ത സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന ശക്തി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന ഗൃഹലക്ഷ്മി തുടങ്ങിയ ക്ഷേമ പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഉന്നത ജാതിക്കാരായ സ്ത്രീകളും ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും ശക്തി പദ്ധതിയുടെ ഗുണഭോക്താക്കളല്ലേ? ഗൃഹലക്ഷ്മി ഗുണഭോക്താക്കളിൽ ഉയർന്ന ജാതിക്കാരില്ലേ? ’ -അദ്ദേഹം ചോദിച്ചു.
മന്ത്രിമാർ ആവർത്തിച്ച് വിശദീകരണങ്ങൾ നൽകിയിട്ടും ഈ പ്രക്രിയയെക്കുറിച്ച് ഇപ്പോഴും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഇപ്പോൾ കേന്ദ്രം ഒരു ജാതി സെൻസസും കൊണ്ടുവരുന്നു. അപ്പോൾ നാരായണ മൂർത്തിയും ഭാര്യയും എന്ത് ഉത്തരം നൽകും? അവർക്ക് തെറ്റിദ്ധരിച്ചുവെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ വളരെ വ്യക്തമായി പറയുന്നു, ഇത് പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ഒരു സർവേയല്ല. മറിച്ച് കർണാടകയിലെ ഏഴ് കോടി ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേയാണ്’ -സിദ്ധരാമയ്യ പറഞ്ഞു.
സർക്കാർ ഭൂമിയിലും സർക്കാർ സ്കൂളുകളിലും കോളജുകളിലും അക്കാദമികേതര പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ടുള്ള വ്യാഴാഴ്ചത്തെ മന്ത്രിസഭ തീരുമാനം ജഗദീഷ് ഷെട്ടറിന്റെ കീഴിലുള്ള ബിജെപി സർക്കാറാണ് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്‌എസിനെ മാത്രമല്ല, സർക്കാർ അനുമതിയില്ലാതെ ഒരു സംഘടനയെയും പ്രവർത്തിക്കാൻ അനുവദിക്കില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

