ഇ.ഡിക്ക് റിട്ട് ഹരജി ഫയൽ ചെയ്യാൻ അധികാരമുണ്ടോ? സുപ്രീംകോടതി പരിശോധിക്കും
text_fieldsന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈകോടതികളിൽ റിട്ട് ഹരജി സമർപ്പിക്കാൻ അധികാരമുണ്ടോ എന്ന് സുപ്രീംകോടതി പരിശോധിക്കും.
റിട്ട് ഹരജി സമർപ്പിക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി കേരള, തമിഴ്നാട് സർക്കാറുകൾ ഫയൽ ചെയ്ത ഹരജികളിൽ ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്.
ഭരണഘടന 226ാം അനുച്ഛേദത്തിന് കീഴിൽ ഇ.ഡിക്ക് റിട്ട് ഹരജി സമർപ്പിക്കാമെന്നുള്ള കേരള ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്താണ് കേരള, തമിഴ്നാട് സർക്കാറുകൾ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. റിട്ട് ഹരജി നൽകാൻ വ്യക്തിക്കുള്ള അധികാരം അന്വേഷണ ഏജൻസിക്കില്ലെന്നാണ് കേരളത്തിന്റെ വാദം.
സംസ്ഥാനത്തെ അനധികൃത ഖനന കേസ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഇ.ഡി റിട്ട് ഹരജി സമർപ്പിച്ചതുമായി ബന്ധപ്പെട്ടാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേരള ഹൈകോടതി വിധി സമാനമായ നടപടി സ്വീകരിക്കാൻ ഇ.ഡിക്ക് ധൈര്യം നൽകിയെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരെ അന്വേഷണം നടത്താൻ കേരള സർക്കാർ ജസ്റ്റിസ് വി.കെ. മോഹൻ അധ്യക്ഷനായി ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത് ചോദ്യം ചെയ്താണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തത്. 226ാം അനുച്ഛേദ പ്രകാരം ഫയൽ ചെയ്ത ഹരജിയിലെ ആവശ്യം ഹൈകോടതി അംഗീകരിക്കുകയും ചെയ്തു.
സുപ്രീംകോടതിയിൽ കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

