ഇന്ത്യ-മ്യാന്മർ രേഖകളില്ലാതെയുള്ള സ്വതന്ത്ര സഞ്ചാരം നിരോധിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽനിന്ന് മ്യാന്മറിലേക്കും തിരിച്ചും രേഖകളില്ലാതെയുള്ള സ്വതന്ത്ര സഞ്ചാരം നിരോധിച്ച് ആഭ്യന്തര മന്ത്രാലയം. രാജ്യസുരക്ഷ കണക്കിലെടുത്തും മ്യാന്മർ അതിർത്തിയോട് ചേർന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്താനുമാണ് ഉടൻ പ്രാബല്യത്തിലാകുന്ന നടപടിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
അതിർത്തിയിൽനിന്ന് 16 കിലോമീറ്റർ വരെ ഇരുരാജ്യങ്ങളിലേക്കും ഇതുവരെ രേഖകളൊന്നുമില്ലാതെ സഞ്ചാരം അനുവദിച്ചിരുന്നു. മ്യാന്മർ അതിർത്തിയിൽ 1643 കിലോമീറ്റർ വേലികെട്ടുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന് രണ്ടുദിവസത്തിനുശേഷമാണ് തീരുമാനം.
മിസോറം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മ്യാന്മറുമായി അതിർത്തി പങ്കിടുന്നത്. ഈ സംസ്ഥാനങ്ങളിലുള്ളവരെ ഉദ്ദേശിച്ചാണ് 2018ൽ സ്വതന്ത്ര സഞ്ചാരം അനുവദിച്ചത്.
എന്നാൽ, ഇതിന്റെ മറവിൽ ഗോത്രവർഗ തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നതായും മയക്കുമരുന്ന് കടത്തുന്നതായും മണിപ്പൂരിലെ മെയ്തേയി വിഭാഗം ആരോപിച്ചിരുന്നു. മ്യാന്മർ അതിർത്തിയിലുടനീളം വേലികെട്ടണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം കുക്കി, നാഗ വിഭാഗങ്ങൾ ഇതിനെ എതിർക്കുകയാണ്. മ്യാന്മറിലെ വംശീയ സംഘർഷത്തെ തുടർന്ന് നൂറുകണക്കിന് സൈനികർ മിസോറമിലേക്കും അഭയാർഥികളായെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

