കേരളമേ, ഇങ്ങനെയുമുണ്ട് ഡോക്ടർമാർ...
text_fieldsഷാജഹാൻപുർ (യു.പി): ആശുപത്രിക്കാരുടെ ദയയില്ലായ്മയിൽ കേരളത്തിൽ മനുഷ്യജീവൻ പൊലിയുേമ്പാൾ സഹജീവി സ്നേഹത്തിെൻറ മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ ഷാജഹാൻപുരുകാരനായ ഡോക്ടർ. വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ദലിത് തൊഴിലാളിയെ പ്രതിഫലം വാങ്ങാതെ തെൻറ ആശുപത്രിയിൽ കൊണ്ടുപോയി ഒരുമാസത്തിലധികം ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടത്തുകയായിരുന്നു ഇൗ ഡോക്ടർ. നവാദിയ മൻകാന്ത്് ഗ്രാമമുഖ്യൻ കൂടിയായ ഡോ. പ്രദീപ് ശുക്ലയാണ് മാതൃകാ ഭിഷഗ്വരൻ.
45കാരനായ മണിറാം കഴിഞ്ഞ മാസമാണ് അപകടത്തിൽപെട്ടത്. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് ലഖ്നോവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. സി.ടി സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. വെൻറിലേറ്റർ സൗകര്യമുള്ള ആശുപത്രിയിൽ തുടർചികിത്സക്ക് അഞ്ചു ലക്ഷം രൂപ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ദരിദ്രരായ കുടുംബാംഗങ്ങൾ വിഷമവൃത്തത്തിലായി. മണിറാമിനെ മരണത്തിന് വിട്ടുകൊടുക്കുകയല്ലാതെ കുടുംബത്തിന് മറ്റൊന്നും ചെയ്യാനാവില്ലായിരുന്നു. ഇൗ സാഹചര്യത്തിലാണ് ഡോ. ശുക്ല സഹായഹസ്തവുമായി എത്തിയത്.
ജീവൻ നിലനിർത്താനാകുമോ എന്ന് ഉറപ്പില്ലാത്ത രോഗിയെ ഗ്രാമത്തിലെ സ്വന്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സചെലവ് മുഴുവൻ സ്വയം വഹിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുകയായിരുന്നു. താൻ കാണുേമ്പാൾ മണിറാം മരണാസന്നനായിരുന്നെന്ന് ഡോ. ശുക്ല പറഞ്ഞു. ചികിത്സ ഏറ്റെടുക്കുന്നത് കഠിന തീരുമാനമായിരുന്നെങ്കിലും കുടുംബത്തിെൻറ നിസ്സഹായാവസ്ഥക്ക് മുന്നിൽ വേറെ പോംവഴിയില്ലായിരുന്നു. പിന്നീട് ശരിക്കും ഒരു അദ്ഭുതമാണ് സംഭവിച്ചതെന്നും മണിറാമിെൻറ രോഗമുക്തി സൂചിപ്പിച്ച് ഡോക്ടർ പഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാരുടെ പ്രീതി സമ്പാദിച്ചവരാണ് ഡോ. ശുക്ലയുടെ കുടുംബം. പിതാവ് സുരേന്ദ്ര നാഥ് രണ്ടുതവണ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
