പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗർഭിണിയായ മുസ്‍ലിം യുവതിയെ ചികിത്സിക്കാൻ വിസമ്മതിച്ച് ഡോക്ടർ; മുഹമ്മദീയ രോഗികളെ ചികിൽസിക്കില്ലെന്ന്
text_fieldsകൊൽക്കത്ത: കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ 27 വയസ്സുള്ള ഗർഭിണിയായ മുസ്‍ലിം സ്ത്രീക്ക് ‘മുഹമ്മദീയ’ രോഗികളെ ചികിത്സിക്കില്ലെന്ന് പറഞ്ഞ് ഡോക്ടർ ചികിത്സ നിഷേധിച്ചതായി റിപ്പോർട്ട്.
രോഗിയുടെ മതത്തിൽപ്പെട്ട ആളുകൾ തന്റെ മതത്തിൽപ്പെട്ട ആളുകളെ കൊല്ലുന്നുവെന്ന് ഡോക്ടർ പറഞ്ഞതായി ആരോപിക്കപ്പെടുന്നു. വ്യാഴാഴ്ച ഉച്ചക്ക് തന്റെ അഞ്ചാമത്തെ പരിശോധനക്കായി ഗൈനക്കോളജിസ്റ്റിനെ സന്ദർശിക്കാൻ പോയ യുവതിക്കാണ് ഈ ദുരനുഭവമെന്ന് ‘ദ ടെലഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള മഹേഷ്തല പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ഭർത്താവ് പരാതി നൽകി. ചികിൽസ നിഷേധിച്ചെന്ന് കാണിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിലിനും കത്തെഴുതി.
പ്രതികരണം തേടി വിളിച്ചപ്പോൾ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചതായി ‘ദി ടെലിഗ്രാഫ്’ പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്തുകയാണെന്നും രോഗിക്കും കുടുംബത്തിനുമെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും അവർ ഭീഷണിപ്പെടുത്തി.
പഹൽഗാമിലെ ആക്രമണത്തെത്തുടർന്ന് മുസ്‍ലിംകൾക്കെതിരായ അധിക്ഷേപങ്ങൾ വ്യാപകമായിട്ടുണ്ട്. അക്രമികൾക്കുനേരെ കോപം തിരിച്ചുവിടുന്നതിനുപകരം പലരും ഈ ക്രൂരമായ കുറ്റകൃത്യത്തിന് ശേഷം ഇന്ത്യൻ മുസ്‍ലിംകളെ ലക്ഷ്യമാക്കുന്നുവെന്നും ടെലഗ്രാഫ് പറയുന്നു.
‘ഞങ്ങൾ ഒരേ ഭവന സമുച്ചയത്തിൽ താമസിക്കുന്നവരാണ്. വിളിച്ചപ്പോൾ അവരുടെ ഫ്ലാറ്റിലേക്ക് ചെല്ലാൻ ഡോക്ടർ തന്നെ എന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യയുടെ മുഴുവൻ പേര് കേട്ടപ്പോൾ മുഹമ്മദീയ രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ അവളോട് പറഞ്ഞു. ഡോക്ടർ എന്താണ് പറയുന്നതെന്ന് എന്റെ ഭാര്യക്ക് മനസ്സിലായില്ല. കാരണം അവർ ഒരിക്കലും അങ്ങനെ പറയുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല’- ഭർത്താവ് പറഞ്ഞു.
‘വീട്ടിൽ പരിശോധിക്കില്ലെന്ന് പറയുകയാണോ എന്ന് എന്റെ ഭാര്യ ഡോക്ടറോട് ചോദിച്ചു. എന്നാൽ, മുസ്‍ലിം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ വീണ്ടും പറഞ്ഞു. നമ്മുടെ മതത്തിലെ ആളുകൾ അവരുടെ മതത്തിൽ നിന്നുള്ള ആളുകളെ കൊല്ലുന്നുവെന്നും അവർ പറഞ്ഞു’- ഒരു നേത്രരോഗ വിദഗ്ദ്ധനായ ഭർത്താവ് ദി ടെലിഗ്രാഫിനോട് പറഞ്ഞു.
മൂന്ന് വയസ്സുള്ള മകളുമായി ഡോക്ടറുടെ അടുത്തേക്ക് പോയ വീട്ടമ്മയായ യുവതി മറുപടി കേട്ട് ഞെട്ടി. ആ നിമിഷം ഡോക്ടറുടെ വാക്കുകൾക്ക് മറുപടി നൽകാൻ കഴിയാതെ അപമാനിതയായി അവൾ മകളുമായി മടങ്ങി. തുടർന്ന് ഡോക്ടറെ ഫോണിൽ വിളിച്ചു. ‘ഡോക്ടർ പറഞ്ഞതിൽ തനിക്ക് അപമാനം തോന്നിയതായി എന്റെ ഭാര്യ അവരോട് പറഞ്ഞു. താൻ ഒരു രോഗിയാണെന്നും ഒരു ഡോക്ടറുടെ മുന്നിൽ രോഗിക്ക് മതമില്ലെന്നും അവൾ അവരോട് പറഞ്ഞു. എന്നാൽ, ഒരു മുസ്‍ലിം രോഗിയെ ചികിത്സിക്കില്ലെന്ന് ഡോക്ടർ അപ്പോഴും ശഠിച്ചു’വെന്നും ഭർത്താവ് പറഞ്ഞു.
ഒരു ഡോക്ടർ രോഗിയെ ചികിത്സിക്കാൻ വിസമ്മതിക്കുന്നത് അധാർമികമാണെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിൽ അംഗം പ്രതികരിച്ചു. പരാതി സംസ്ഥാന മെഡിക്കൽ കൗൺസിലിനും സംസ്ഥാന ആരോഗ്യ വകുപ്പിനും കൈമാറിയതായും ഡോക്ടർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് തങ്ങൾക്ക് കൗൺസിലിന്റെ അനുമതി ആവശ്യമാണെന്നും ഓഫിസർ പറഞ്ഞു.
ജനറൽ ഡയറി എഫ്.ഐ.ആറായി മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പൊലീസ് സ്റ്റേഷനിൽ പോകുമെന്ന് കൽക്കട്ട ഹൈകോടതിയിലെ അഭിഭാഷകയായ യുവതിയുടെ സഹോദരന്റെ ഭാര്യ പറഞ്ഞു. ‘പൊലീസ് അങ്ങനെ ചെയ്യാൻ വിസമ്മതിച്ചാൽ ഞങ്ങൾ കോടതിയെ സമീപിക്കും. ഇത് ഭരണഘടനാ വിരുദ്ധമാണ്. കാരണം ഭരണഘടന വിലക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിലെ വിവേചനം കാണിച്ചിരുന്നു’വെന്നും അവർ പറഞ്ഞു.
തങ്ങളുടെ മതപരമായ സ്വത്വത്തെക്കുറിച്ച് ഒരിക്കലും വാചാലരായിട്ടില്ലെന്നും എന്നാൽ, ഈ സംഭവം തങ്ങളെ മുമ്പെന്നത്തേക്കാളും കൂടുതൽ മുസ്‍ലിമായി തോന്നിപ്പിക്കുകയാണെന്നും കുടുംബം പറഞ്ഞു. ‘ഇപ്പോൾ തോന്നുന്നതിനേക്കാൾ കൂടുതൽ മുസ്‍ലിമായി ഞങ്ങൾക്ക് ഒരിക്കലും തോന്നിയിട്ടില്ല. എന്റെ ഭർതൃ സഹോദരിക്കു വേണ്ടി ഞങ്ങൾ ഇപ്പോൾ ഒരു മുസ്‍ലിം ഗൈനക്കോളജിസ്റ്റിനെ തിരയുകയാണ്. അവർ മാനസികാഘാതത്തിലാണ് - അഭിഭാഷക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

