'പെട്രോളും ഡീസലും കൈയിൽ സൂക്ഷിക്കരുത്'; പരിഭ്രാന്തി സൃഷ്ടിക്കുന്ന ബൾക്ക് സ്റ്റോറേജിനെതിരെ പെട്രോളിയം മന്ത്രാലയം
text_fieldsരാജ്യത്ത് ഇന്ധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. പെട്രോളും ഡീസലും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതും സംഭരിക്കുന്നതും സംബന്ധിച്ച് പൗരന്മാർക്ക് അവബോധം നൽകി അധികാരികൾ പോസ്റ്റ് പങ്കുവെച്ചു. തമിഴ്‌നാട്ടിലെ ഒരു പെട്രോൾ പമ്പിൽ തുറന്ന കണ്ടെയ്നറുകളിലേക്ക് പെട്രോൾ നിറച്ച സംഭവത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. രാജ്യത്തുടനീളം ആവശ്യത്തിന് ഇന്ധന വിതരണം നിലനിൽക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ഉറപ്പുനൽകി. ഇന്ധനം വാങ്ങുമ്പോഴോ അത് സംഭരിക്കുമ്പോഴൊ സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ജനങ്ങളോട് അതോറിറ്റി അഭ്യർഥിക്കുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ പെട്രോളും ഡീസലും സുലഭമാണ്. ഇന്ധനത്തിന് ഒരു ക്ഷാമവുമില്ല. പൗരന്മാർ പരിഭ്രാന്തരാകുകയോ അനാവശ്യമായി ഇന്ധനം സംഭരിക്കുകയോ ചെയ്യേണ്ടതില്ല. പെട്രോൾ പമ്പുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ആവശ്യത്തിന് ഇന്ധനം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. പരിഭ്രാന്തിയിൽ ഇന്ധനം ഒരുപാട് വാങ്ങിവക്കുന്നതും സുരക്ഷിതമല്ലാത്ത രീതിയിൽ സംഭരിക്കുന്നതും ഒഴിവാക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് പറഞ്ഞു.
തമിഴ്‌നാട്ടിലെ ഒരു റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റിൽ നടന്ന സംഭവത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ അറിയിപ്പ് പുറപ്പെടുവിച്ചത്. ഇന്ധനം ലഭിക്കാതാവും എന്ന പരിഭ്രാന്തിയിൽ വലിയ വാട്ടർ ടാങ്കിൽ പെട്രോൾ വാങ്ങി നിറക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. പെട്രോളിന് കത്തുന്ന സ്വഭാവമുള്ളതിനാൽ ഈ രീതിയിൽ ഇന്ധനം കൈകാര്യം ചെയ്യുന്നത് അപകടകരമാണ്. സുരക്ഷിതമല്ലാത്ത പാത്രങ്ങളിൽ ഇന്ധനം സൂക്ഷിക്കുകയോ കൊണ്ടുപോകുകയോ ചെയ്യുന്നത് തീപിടുത്തം, ഇന്ധന ചോർച്ച, പാരിസ്ഥിതിക അപകടങ്ങൾ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ബന്ധപ്പെട്ട പെട്രോൾ പമ്പ് താൽക്കാലികമായി നിർത്തിവക്കുകയും ഉചിതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുകയും ചെയ്തു. പെട്രോളും ഡീസലും വിതരണം ചെയ്യുമ്പോൾ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് എല്ലാ ഇന്ധന സ്റ്റേഷൻ ഓപറേറ്റർമാരെയും ഡീലർമാരെയും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകൾക്ക് അംഗീകൃത പാത്രങ്ങളിൽ മാത്രമേ ഇന്ധനം വിതരണം ചെയ്യാവൂ എന്ന സുരക്ഷാ നിർദേശം നൽകിയിട്ടുണ്ട്. ഈ നിയമങ്ങൾ ലംഘിക്കുന്ന ഡീലർക്കോ ഔട്ട്‌ലെറ്റിനോ എതിരെ കർശന നടപടിയെടുക്കും. ഉപഭോക്താക്കൾക്ക് മാത്രമല്ല, തൊഴിലാളികൾക്കും സമീപ പ്രദേശങ്ങളിലെ താമസക്കാർക്കും സുരക്ഷാ നടപടികൾ അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ധനം വാങ്ങുമ്പോൾ അടിസ്ഥാന സുരക്ഷാ രീതികൾ പാലിച്ച് സഹകരിക്കണമെന്ന് സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാത്ത പാത്രങ്ങളിലോ കുപ്പികളിലോ പെട്രോളോ ഡീസലോ ശേഖരിക്കരുതെന്ന് ജനങ്ങൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്. ഏതെങ്കിലും പെട്രോൾ പമ്പോ ഡീലറോ സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കർശന പിഴ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

