കോവിഡ് ബാധിതരുടെ വീടിനുപുറത്ത് പോസ്റ്ററുകൾ പതിക്കരുത് –സുപ്രീംേകാടതി
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ചവരുടെ വീടിനുപുറത്ത് പോസ്റ്ററുകൾ പതിക്കരുതെന്ന് അധികൃതരോട് സുപ്രീംകോടതി നിർദേശിച്ചു. അത്തരം മാർഗനിർദേശം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കോവിഡ് മാർഗനിർദേശങ്ങൾ മറികടന്ന് സംസ്ഥാനങ്ങൾ ഇത്തരം നടപടികൾ സ്വീകരിക്കരുതെന്ന് പരമോന്നത കോടതി വ്യക്തമാക്കി. കോവിഡ് രോഗികളുടെ വീടിന് പുറത്ത് പോസ്റ്ററുകൾ പതിക്കുന്നത് അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്നും അത് പാടില്ലെന്നും കോടതി നേരത്തേയും നിർദേശിച്ചിരുന്നു.
മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ എന്തു നടപടി സ്വീകരിച്ചു എന്ന് വെള്ളിയാഴ്ചക്കകം അറിയിക്കാനും സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ആശുപത്രികളിലെയും നഴ്സിങ് ഹോമുകളിലെയും അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ചും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾക്കുപുറമെ ആശുപത്രികളിൽ അഗ്നിശമന സുരക്ഷാ സംവിധാനം നടപ്പാക്കിയത് സംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര, ഗുജറാത്ത് സർക്കാറുകളോട് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ഗുജ്റാത്തിലെ രാജ്കോട്ടിൽ കോവിഡ് ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ നിരവധി രോഗികൾ മരിച്ചിരുന്നു.
കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കുകയും മരിക്കുന്നവരെ മാന്യമായി സംസ്കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസ് കോടതി വീണ്ടും ഡിസംബർ 14ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

