Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിയുടെ ഡൽഹി മാർച്ചിൽ മലക്കംമറിഞ്ഞ് ഡിഎംകെ; പിന്തുണയുമായി പാർട്ടി

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ ഡൽഹി മാർച്ചിൽ മലക്കംമറിഞ്ഞ് ഡിഎംകെ; പിന്തുണയുമായി പാർട്ടി
cancel

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധ മാർച്ചിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്ന ഡി.എം.കെ, ഒറ്റദിനംകൊണ്ട് നിലപാട് മാറ്റിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച ഡിഎംകെ, ബുധനാഴ്ച ആയപ്പോഴേക്കും അദ്ദേഹത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. വളരെ വേഗത്തിലുള്ള ഈ രാഷ്ട്രീയ മലക്കംമറിച്ചിൽ തികച്ചും അമ്പരപ്പിക്കുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടികാണിക്കുന്നത്.

തമിഴ്നാട്ടിലെ പ്രത്യേക വോട്ടർ പട്ടിക പരിഷ്കരണ പ്രക്രിയയിൽ ദശലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നുവെന്നും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

ഗ്യാനേഷ് കുമാറിനെതിരെയുള്ള ദേശീയ പ്രതിഷേധങ്ങളിൽ പങ്കാളിയാകാതിരുന്ന ഡിഎംകെ, രാഹുലിനെതിരെയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഗ്യാനേഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ച നടന്ന ഇന്ത്യ മുന്നണിയുടെ യോഗത്തിൽ പോലും ഡി.എം.കെ പങ്കെടുത്തിരുന്നില്ല.

എന്നാൽ, ബുധനാഴ്ച ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പാർട്ടിയുടെ നിലപാട് പൂർണമായി മാറ്റിപ്പിടിച്ചു. രാഹുൽ ഗാന്ധിയുടെ പ്രതിഷേധം തികച്ചും ശരിയായ നടപടിയാണെന്നും പൗരന്മാരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയതെന്നും വ്യക്തമാക്കി.

‘ഇത്തരം ജനാധിപത്യവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്ന ഗ്യാനേഷ് കുമാർ ആ ഉന്നത പദവിയിൽ തുടരുന്നിടത്തോളം എങ്ങനെയാണ് തെരഞ്ഞെടുപ്പ് നീതിയുക്തമാകുക? സർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ രാഹുൽ ഗാന്ധി ചെയ്തത് ശരിയായ കാര്യമാണ്’’-ഇളങ്കോവൻ വ്യക്തമാക്കി. ഈ സർക്കാരിന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ഡിഎംകെ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ എസ്ഐആർ പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്തു എന്നാണ് ഡിഎംകെയുടെ പ്രധാന ആരോപണം. കൂടാതെ, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ-കോൺഗ്രസ് ദീർഘകാല സഖ്യം തകരുകയും, കോൺഗ്രസ് നടൻ വിജയിന്റെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുപാർട്ടികളും തമ്മിൽ രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ.രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ ഡിഎംകെ നേതാക്കളുടെ ഈ പരാമർശങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്നലെ ഡിഎംകെ പറഞ്ഞത്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനരവലോകന (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി തമിഴ്‌‌നാട്ടിലെ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിനിരത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'മൗന'ത്തെ രൂക്ഷമായി ചോദ്യം ചെയ്ത് ഡി.എം.കെ. തമിഴ്‌‌നാട്ടിലെ വിഷയത്തിൽ രാഹുൽ ഗാന്ധി ഇരട്ടത്താപ്പാണ് പുലർത്തുന്നതെന്നും, എസ്.ഐ.ആർ വിഷയത്തിൽ അദ്ദേഹം വ്യക്തതയില്ലാത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ 'എക്സി'ൽ കുറിച്ചു.

എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെയുള്ള 'ഇൻഡ്യ' മുന്നണി നേതാക്കൾ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഡി.എം.കെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം നടത്തുന്ന രാഹുൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം കവർന്നതിനെക്കുറിച്ച് എന്തുകൊണ്ട് ഒരക്ഷരം മിണ്ടുന്നില്ലെന്ന് അണ്ണാദുരൈ ചോദിച്ചു.

എസ്.ഐ.ആർ നടപടികൾക്ക് ശേഷം അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരുകളെല്ലാം പിരിച്ചുവിടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയെ പരസ്യമായി പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി ഇതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അണ്ണാദുരൈ ആരാഞ്ഞു.

നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തെയും (ടി.വി.കെ) സംസ്ഥാന സർക്കാരിനെയും ഭയന്നാണോ രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ വോട്ടർ വെട്ടിനിരത്തൽ ഉയർത്തിക്കാട്ടാത്തതെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ കപടമുഖമുള്ള വ്യക്തിയാണെന്ന് കുറ്റപ്പെടുത്തിയ അണ്ണാദുരൈ, വ്യക്തിപരമായി അധിക്ഷേപിക്കുന്ന കടുത്ത വാക്കുകൾ ഉപയോഗിച്ചാണ് എക്സ് പോസ്റ്റ് അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DMK's U-Turn, Backs Rahul's Delhi March
Next Story