ചെന്നൈ: തമിഴ്നടന്‍ വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴുക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡി.എം.കെ. വനിതാ വിഭാഗം സെക്രട്ടറിയും രാജ്യസഭ എം.പിയുമായ കനിമൊഴി. വിജയ് സേതുപതിയുടെ മകളെ ഭീഷണിപ്പെടുത്തുന്നത് ക്രൂരത മാത്രമല്ലെന്നും നമ്മുടെ സമൂഹത്തിന്‍റെ കെട്ടുറപ്പിനും വളരെ അപകടകരമാണെന്നും കനിമൊഴി ട്വീറ്റ് ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയാണ് ഭീരുക്കളുടെ പോരാട്ടം. ഭീഷണി ലജ്ജാകരമാണ്. സ്ത്രീകളെയും കുട്ടികളെയും ട്രോളുന്നവരെ ശിക്ഷിക്കണം. കുറ്റവാളിക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.
വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് റിത്വിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭീഷണി മുഴക്കിയത്. മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ഭീഷണിയുയര്‍ന്നത്.
ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്. ഗായിക ചിൻമയി ഭീഷണി സന്ദേശം വന്ന അക്കൗണ്ടിനെ കുറിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്തിരുന്നു.
നേരത്തെ, ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുയർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.