ഡി.എം.കെ എന്നും മുസ്‍ലിംകൾക്കൊപ്പം -സ്റ്റാലിൻ
text_fieldsചെന്നൈ: ഡി.എം.കെ എന്നും മുസ്‍ലിംകൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കുംഭകോണത്തിനടുത്ത സ്വാമിമലയിൽ നടന്ന മുസ്‍ലിംലീഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‍ലിംകൾക്ക് സുരക്ഷിതമായ ഒരേയൊരു സംസ്ഥാനം തമിഴ്‌നാട് മാത്രമാണ്. 1967 ലെ തെരഞ്ഞെടുപ്പിൽ അണ്ണാദുരൈയെ പിന്തുണച്ചത് ഖാഇദെ മില്ലത്ത് ആയിരുന്നു. മിലാദെ നബിക്ക് അവധി പ്രഖ്യാപിച്ചത് കരുണാനിധിയായിരുന്നു. ഉറുദു സംസാരിക്കുന്ന മുസ്‍ലിംകളെ പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തിയതും അദ്ദേഹമാണ്. മുസ്‍ലിംകൾക്ക് 3.5 ശതമാനം സംവരണം കൊണ്ടുവന്നത് ദ്രാവിഡ സർക്കാറാണ്. നിലവിൽ ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള ലക്ഷത്തിലധികം മുസ്‍ലിം വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നു. തമിഴ്നാട് വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉലമാക്കൾക്കുള്ള പെൻഷൻ 5,000 രൂപയായി ഉയർത്തുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.
ഉലമകൾക്കുള്ള കുടുംബ പെൻഷൻ 2,500 രൂപയായി വർധിപ്പിക്കും. കോയമ്പത്തൂരിൽ പുതിയ വഖഫ് ട്രൈബ്യൂണൽ സ്ഥാപിക്കും. മുസ്‍ലിം സമൂഹത്തിന് ഖബർസ്ഥാൻ സ്ഥാപിക്കുന്നതിന് കോർപറേഷൻ പ്രദേശങ്ങളിൽ ഭൂമി കണ്ടെത്തും. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി മുസ്‍ലിം സമൂഹത്തോട് തുടർച്ചയായി വഞ്ചനാത്മകമായ സമീപനമാണ് കൈക്കൊള്ളുന്നത്.
അണ്ണാ ഡി.എം.കെ പിന്തുണച്ചിരുന്നില്ലെങ്കിൽ പൗരത്വ ഭേദഗതി നിയമ ബിൽ പാസാകുമായിരുന്നില്ല. മുത്തലാഖ് നിയമ വിഷയത്തിലും അണ്ണാ ഡി.എം.കെ ഇരട്ട വേഷമിടുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമത്സരം എൻ.ഡി.എയും തമിഴ്‌നാടും തമ്മിലായിരിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

