ടി.വി.കെക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഡി.എം.കെയ്ക്ക് കോടതി അനുമതി
text_fieldsതമിഴ്നാട്: ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിയുടെ പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ടി.വി.കെ നേതാക്കൾക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഡി.എം.കെക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ടി.വി.കെ നേതാക്കളായ ആദവ് അർജുന, സി.ടി.ആർ നിർമൽ കുമാർ, പാർട്ടിയുടെ ഐ.ടി വിങ് എന്നിവർക്കെതിരെ മാനനഷ്ട നടപടികൾ സ്വീകരിക്കാനാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതി അനുമതി നൽകിയത്.
ഡി.എം.കെയുടെ ഭരണകാലത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വീരമണിയെ ഡി.എം.കെ സംരക്ഷിച്ചു എന്ന് ടി.വി.കെ നേതാക്കളും പാർട്ടിയുടെ ഐ.ടി വിങ്ങും ആരോപിച്ചിരുന്നുവെന്നാണ് ഡി.എം.കെയുടെ ഹരജിയിൽ പറയുന്നത്. ഈ ആരോപണങ്ങൾക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്യുന്നത്.
ഗ്രാനൈറ്റ്സ് വ്യവസായിയായ വീരമണിയെയും രണ്ട് കൂട്ടാളികളെയും കർശനമായ ഗുണ്ടാ നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പോക്സോ കേസിലാണ് വീരമണിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച വിജയ് ഇതിൽ സ്റ്റാലിനോട് പ്രതികരണം ആരാഞ്ഞിരുന്നു. സിനിമയിൽ അഭിനയം നിർത്തിയ വിജയ് ജനങ്ങൾക്ക് മുന്നിൽ അഭിനയം തുടരുകയാണെന്നാമ് സ്റ്റാലിൻ ഇതിന് മറുപടി നൽകിയത്.
ഇതുവരെ വീരമണിക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മൂന്നെണ്ണം പോക്സോ നിയമപ്രകാരമുള്ളതാണ്. മറ്റൊന്ന് ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ടതും. വീരമണി നടത്തിയതായി സംശയിക്കുന്ന സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്. ശാന്തി, മഹേന്ദ്ര സിംഹൻ എന്നിവരാണ് വീരമണിയുടെ മറ്റ് രണ്ട് സഹായികൾ. മൂവരും നേരത്തെ അറസ്റ്റിലാവുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാവുകയും ചെയ്തിരുന്നു. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ എ. അമലരാജിന്റെ ഉത്തരവപ്രകാരം ഗുണ്ടാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത 14 പേരിൽ ഇവരും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

