കോൺഗ്രസ് ദുർബലമായതോടെ പ്രാദേശിക പാർട്ടികൾ ബിജെപിയുടെ പ്രധാന ശത്രുവായി മാറി; വിമർശനവുമായി ഡിഎംകെ നേതാവ് ഇളങ്കോവൻ
text_fieldsടി.കെ.എസ്. ഇളങ്കോവൻ.
ചെന്നൈ: കോൺഗ്രസിന്റെ ശേഷിക്കുറവ് മുതലെടുത്ത് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ രാജ്യത്തെ പ്രാദേശിക പാർട്ടികളെ വ്യവസ്ഥാപിതമായി വേട്ടയാടുകയാണെന്ന് ഡി.എം.കെ മുതിർന്ന നേതാവ് ടി.കെ.എസ്. ഇളങ്കോവൻ. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഭൂമിയിടപാട് കേസിൽ സമൻസ് അയച്ചതും ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബത്തിന് നോട്ടീസ് നൽകിയതും ചൂണ്ടിക്കാട്ടിയാണ് ഇളങ്കോവൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
'കോൺഗ്രസ് ദുർബലമായതിനാൽ പ്രാദേശിക പാർട്ടികളെ ബി.ജെ.പി വളരെയധികം ഭയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ പ്രധാന ഭീഷണിയായി പ്രാദേശിക പാർട്ടികളെയാണ് അവർ കാണുന്നത്,' എന്ന് ഇളങ്കോവൻ ആരോപിച്ചു. ബി.ജെ.പിയെ നേരിടാൻ പ്രാദേശിക ശക്തികൾ ഇപ്പോൾ ഒന്നിക്കുകയാണെന്നും, മൂന്നാം മുന്നണിക്ക് പകരം വിശാലമായ പ്രതിപക്ഷ ഐക്യം വേണമെന്ന സി.പി.എം നേതാവ് എം.വി. രാജന്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശയപരമായി ഈ പാർട്ടികളെല്ലാം ബി.ജെ.പിക്ക് എതിരാണ്. ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ തയ്യാറാകാതെ രാജ്യം ഭരിക്കുന്ന രാജാക്കന്മാരെപ്പോലെ പെരുമാറുന്ന ബി.ജെ.പി ജനാധിപത്യ ഇന്ത്യയെ കുത്തക ആധിപത്യ രാജ്യമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമിഴ്നാട്ടിലെ ടി.വി.കെ (തമിഴക വെട്രി കഴകം) സർക്കാരിനെതിരെയും ഡി.എം.കെ നേതാവ് രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. കഴിഞ്ഞ 100 ദിവസത്തെ ഭരണത്തിൽ ക്രമസമാധാനം പൂർണമായും തകർക്കാൻ മാത്രമേ ടി.വി.കെ സർക്കാരിന് കഴിഞ്ഞിട്ടുള്ളൂവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്ത് എട്ട് കൊലപാതകങ്ങളാണ് നടന്നത്. ഭരണപരാജയങ്ങൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണ് ഡി.എം.കെയ്‌ക്കെതിരെ 50 വർഷം പഴക്കമുള്ള ആരോപണങ്ങൾ ടി.വി.കെ കുത്തിപ്പൊക്കുന്നത്' ഇളങ്കോവൻ ആരോപിച്ചു. മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പ്രസിഡന്റുമായ എം.കെ സ്റ്റാലിനും സമാന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
അടിയന്തരാവസ്ഥക്കാലത്തെ 'മിസ' തടങ്കൽ തനിക്ക് തെളിയിക്കേണ്ട ആവശ്യമില്ലെന്ന ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നിലപാടിനെ ഇളങ്കോവൻ പൂർണമായും പിന്തുണച്ചു. ജസ്റ്റിസ് ഇസ്മായിൽ കമ്മീഷൻ റിപ്പോർട്ടിലൂടെ സ്റ്റാലിന്റെ മിസ അറസ്റ്റും പീഡനങ്ങളും മുൻപ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടതാണെന്നും, അതിനാൽ അത് വീണ്ടും തെളിയിക്കേണ്ട ബാധ്യത സ്റ്റാലിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസ്ഥിതി വിദ്യാർഥികളെ അടിച്ചമർത്തുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിനോടും ഇളങ്കോവൻ യോജിപ്പ് പ്രകടിപ്പിച്ചു. ന്യായമായ ആവശ്യങ്ങൾക്കായി ഭരണകൂടത്തിനെതിരെ പോരാടാൻ ഏതൊരു പൗരനും മൗലികാവകാശമുണ്ടെന്നും, സമരക്കാരെ അടിച്ചമർത്തുന്നതിന് പകരം അവരുമായി സംസാരിച്ച് പരാതികൾ പരിഹരിക്കാനാണ് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തയ്യാറാകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

