തമിഴ്നാട്ടിലെ 39 സീറ്റുകളിലും ഇൻഡ്യ സഖ്യം വിജയിക്കുമെന്ന് ഡി.എം.കെ സർവേ ഫലം
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് ഡി.എം.കെ സർവേ ഫലം. പുതുച്ചേരിയിലും തമിഴ്നാട്ടിലുമായി 39 സീറ്റ് ഇൻഡ്യ സഖ്യം നേടുമെന്ന് ഡി.എം.കെയുടെ ആഭ്യന്തര സർവേ റിപ്പോർട്ടിൽ പറയുന്നു.
തമിഴ്നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലും ഡി.എം.കെ നടത്തിയ സർവ്വേയുടെ വിവരങ്ങളാണ് പുറത്തുവന്നത്. 32 സീറ്റിൽ ഡി.എം.കെ മുന്നണി അനായാസ ജയം നേടും. ഏഴ് സീറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കാൻ സാധ്യത ഉണ്ടെങ്കിലും നേരിയ ഭൂരിപക്ഷത്തിന് പാർട്ടി ജയിക്കും. ത്രികോണ മത്സരം നടന്ന കോയമ്പത്തൂർ, തേനി, തിരുനെൽവേലി, രാമനാഥപുരം, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നീ സീറ്റുകളിലും കടുത്ത പോരാട്ടമെന്നാണ് ഡി.എം.കെ സർവേ ഫലം.
അതേസമയം പാർട്ടി നേതാക്കളാരും സർവ്വേയിലെ വിവരങ്ങൾ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടമായ ഏപ്രിൽ 19നായിരുന്നു തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

