അധികാരമോഹം മൂത്ത് കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തി; കർണാടകയിൽ തല്ല് തീരുന്നില്ല; രൂക്ഷവിമർശനവുമായി മോദി
text_fieldsബംഗളൂരു: പതിറ്റാണ്ടുകളോളം ഒപ്പം നിന്ന ഡി.എം.കെയെ കോൺഗ്രസ് വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ ഡി.എം.കെ നൽകിയ പിന്തുണയാണ് പല പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസിനെ രക്ഷിച്ചത്. എന്നാൽ, രാഷ്ട്രീയ സാഹചര്യം മാറിയപ്പോൾ ഡി.എം.കെയെ കോൺഗ്രസ് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
അധികാരത്തോടുള്ള ആർത്തി മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തുകയാണ് ചെയ്തത്. ഇപ്പോൾ രാഷ്ട്രീയമായി നിലനിൽക്കാൻ കോൺഗ്രസിന് മറ്റൊരു പാർട്ടിയുടെ സഹായം ആവശ്യമായി വന്നിരിക്കുകയാണെന്നും മോദി പരിഹസിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയിയെ മോദി അഭിനന്ദിക്കുകയും വികസന കാര്യങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരെയും പ്രധാനമന്ത്രി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ആഭ്യന്തര തർക്കങ്ങൾ തീർക്കാനാണ് സർക്കാർ സമയം കളയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര തർക്കത്തെ സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശം. ആര് മുഖ്യമന്ത്രിയാകണമെന്നോ എത്ര കാലം തുടരണമെന്നോ തീരുമാനിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. ഭരണത്തെക്കുറിച്ച് കോൺഗ്രസിന്റെ പുസ്തകത്തിൽ ഒരക്ഷരം പോലുമില്ലെന്നും മോദി പറഞ്ഞു.
കോൺഗ്രസിന്റെ വ്യാജ ഗ്യാരന്റികൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എൻ.ഡി.എയുടെ ഭരണത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് മോദി അവകാശപ്പെട്ടു. അഴിമതിയല്ല, വികസനമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും യുവാക്കളും കർഷകരും സ്ത്രീകളും എൻ.ഡി.എക്കൊപ്പമാണെന്നും മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

