Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അധികാര...

‘അധികാര സ്ഥാനങ്ങൾക്കായി തമിഴ്നാടിന്റെ വിശ്വാസം വിൽക്കുന്ന വിഷപാമ്പുകൾ’; കോൺഗ്രസിനെതിരെ ഡി.എം.കെയുടെ രൂക്ഷ വിമർശനം

text_fields
bookmark_border
MK Stalin Rahul gandhi
cancel

ചെന്നൈ: ഡീലിമിറ്റേഷൻ ബിൽ, കാവേരി ജലവിതരണം, മേക്കേദാട്ട് അണക്കെട്ട് പദ്ധതി, നീറ്റ് പരീക്ഷ എന്നീ വിഷയങ്ങളിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ തയാറാകുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ. തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം ‘അധികാര സ്ഥാനങ്ങൾക്കായി സംസ്ഥാനത്തിന്റെ വിശ്വാസം കോൺഗ്രസ് വിറ്റു’ എന്നായിരുന്നു ഡി.എം.കെയുടെ ആരോപണം.

അധികാരത്തിനു വേണ്ടി വിശ്വാസം വിൽക്കുന്ന പാർട്ടി നേതാക്കളെ ‘വൈപ്പർമാർ’ (വിഷപാമ്പുകൾ) എന്ന് വിശേഷിപ്പിച്ച ഡി.എം.കെ വക്താവും മുതിർന്ന എം.പിയുമായ ദയാനിധി മാരൻ, തമിഴ്നാടിന്റെ താൽപര്യങ്ങളിൽ മൗനം പാലിക്കുന്നവരാണ് ‘യഥാർഥ രാജ്യദ്രോഹികൾ’ എന്നും പറഞ്ഞു. സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ദയാനിധി മാരൻ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

‘അധികാരം നേടിയെടുക്കാൻ വിശ്വാസം വിൽക്കുന്ന വൈപ്പറുകൾ! തമിഴ്‌നാട് സന്ദർശിക്കുകയും കാവേരി അവകാശങ്ങളെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നവർ രാജ്യദ്രോഹികളാണ്’ -ദയാനിധി മാരൻ എക്സിൽ കുറിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തമിഴ്നാട് സന്ദർശനത്തിനിടെ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായായിരുന്നു ദയാനിധി മാരന്റെ പ്രതികരണം.

ഡി.എം.കെയുമായുള്ള സഖ്യം ഉപേക്ഷിച്ച് രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലപാട് മാറ്റിയ കോൺഗ്രസ് തമിഴ്നാട്ടിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ‘ബി.ജെ.പിയുടെ കുതിരക്കച്ചവടത്തെ അപലപിക്കുകയും ടി.വി.കെയുടെ മ്ലേച്ചമായ കുതിരക്കച്ചവടത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്നത് ആ വഞ്ചനയുടെ തുടർച്ച മാത്രമാണ്! എക്‌സിൽ സർക്കാരിനെയും മന്ത്രിമാരെയും വിമർശിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്ന ഫാഷിസ്റ്റ് ടി.വി.കെ ഭരണകൂടത്തെ അപലപിക്കാൻ പരാജയപ്പെടുന്നതും വഞ്ചനയാണ്! ഡൽഹി പൊലീസിനെപ്പോലെ തന്നെ, നീറ്റിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ക്രൂരവും നിയമവിരുദ്ധവുമായ ആക്രമണം അഴിച്ചുവിട്ട തമിഴ്‌നാട് പൊലീസിനെ അപലപിക്കാൻ പരാജയപ്പെടുന്നത് വഞ്ചനയാണ്’ -ദയാനിധി മാരൻ എക്സിൽ എഴുതി.

‘തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തെക്കുറിച്ച് പ്രഭാഷണം നടത്താൻ ഒരാൾ വന്നതായി വായിച്ചപ്പോൾ ഈ ചിന്തകളെല്ലാം വീണ്ടും വീണ്ടും വന്നു. നല്ല സ്വർഗം... എത്രയെത്ര വഞ്ചനകൾ’ -രാഹുൽ ഗാന്ധിയെ പരാമർശിച്ച് എം. പി കുറിച്ചു.

‘സ്വന്തം സംസ്ഥാനത്തിന്റെ അതിജീവനത്തിനായി ശബ്ദമുയർത്താൻ കഴിയാത്തവർ തമിഴ്‌നാട്ടിൽ വന്ന് രാഷ്ട്രീയം പറയുന്നത് എന്ത് ശാപമാണ്? സ്വന്തം താൽപ്പര്യങ്ങൾക്കായി തമിഴ്‌നാടിന്റെ അവകാശങ്ങൾ ത്യജിക്കുന്നവരെയും, അരാജകത്വങ്ങൾ ശ്രദ്ധിക്കാതെ ഇരട്ട മുഖംമൂടി ധരിച്ച രാജ്യദ്രോഹികളെയും ജനങ്ങൾ തിരിച്ചറിയേണ്ട സമയമാണിത്’ -ദയാനിധി മാരന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്ത ഡി.എം.കെ ഐ.ടി വിങ് പറഞ്ഞു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷകരമാകുന്ന മണ്ഡല പുനർനിർണയ വിഷയത്തിൽ കോൺഗ്രസ് വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ദയാനിധി മാരൻ ആരോപിച്ചു. തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം രാഷ്ട്രീയ നേട്ടങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകിയതെന്നും അദ്ദേഹം വിമർശിച്ചു.

പാർലമെന്റിൽ ഭരണഘടനാ ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ഏതൊരു പാർട്ടിയും 21-ാം നൂറ്റാണ്ടിലെ എട്ടപ്പൻ ആണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ തമിഴ്‌നാട് സന്ദർശന വേളയിലെ പരാമർശം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ നീക്കത്തോട് മൃദുസമീപനം സ്വീകരിക്കുന്നത് തമിഴ്നാടിനോടുള്ള ‘വഞ്ചന’യാണെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഡി.എം.കെ തിരിച്ചടിച്ചത്.

ജനസംഖ്യാ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന ആശങ്കയാണ് ഡി.എം.കെ ഉൾപ്പെടെയുള്ള കക്ഷികൾ ഉയർത്തുന്നത്. ഈ വിഷയത്തിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഡി.എം.കെ വ്യക്തമാക്കി.

ബി.ജെ.പിയുടെ ‘കുതിരക്കച്ചവടത്തെ’ വിമർശിക്കുന്നവർ ടി.വി.കെയുമായി ബന്ധപ്പെട്ട സമാന ആരോപണങ്ങളിൽ മൗനം പാലിക്കുന്നുവെന്നും, അത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നീറ്റ് വിരുദ്ധ വിദ്യാർഥി പ്രതിഷേധങ്ങൾ അടിച്ചമർത്തിയതായും സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങളുടെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്തതായും ആരോപിച്ച് ടി.വി.കെ സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് മാത്രം സംസാരിക്കുന്നതിനുപകരം നീറ്റ് പൂർണമായും റദ്ദാക്കണമെന്ന് ആവശ്യപ്പെടാത്തവരും തമിഴ്നാടിന്റെ നിലപാടിനെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നീറ്റ് പരീക്ഷയുടെ പൂർണ റദ്ദാക്കലാണ് ഡി.എം.കെയുടെ ദീർഘകാല ആവശ്യമായെന്നും അദ്ദേഹം ആവർത്തിച്ചു.

കോൺഗ്രസും ഡി.എം.കെയും മുമ്പ് സഖ്യകക്ഷികളായിരുന്നെങ്കിലും 2026 നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുപാർട്ടികളും പരസ്പര വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduDayanidhi MarandmkRahul GandhiCongress
News Summary - കോൺഗ്രസിനെതിരെ ഡി.എം.കെയുടെ രൂക്ഷ വിമർശനം | അധികാര സ്ഥാനങ്ങൾക്കായി തമിഴ്നാടിന്റെ വിശ്വാസം വിൽക്കുന്ന വിഷപാമ്പുകൾ
Next Story