ഡി.എം.കെ സഖ്യകക്ഷികളെ ആശ്രയിക്കുന്നത് നിർത്തണം, പാർട്ടി സ്വന്തം നിലയിൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് കനിമൊഴി
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിൽ നേരിട്ട പശ്ചാത്തലത്തിൽ, ഇനി സഖ്യകക്ഷികളെ അമിതമായി ആശ്രയിക്കാതെ പാർട്ടി സ്വന്തം നിലയിൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി മുതിർന്ന ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി. തൂത്തുക്കുടിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
"നമ്മൾ സഖ്യകക്ഷികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട സമയമാണിത്. മറ്റാരുടെയും പിന്തുണയില്ലാതെ വിജയിക്കാൻ കഴിയുന്ന രീതിയിൽ ഡി.എം.കെ സ്വയം ശക്തിപ്പെടണം. നമ്മൾ ആരാണെന്ന് വരുംദിനങ്ങളിൽ തെളിയിക്കുക തന്നെ ചെയ്യും," കനിമൊഴി പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സഖ്യകക്ഷികൾ ഡി.എം.കെ വിട്ടതിനുപിന്നാലെയാണ് കനിമൊഴിയുടെ ഈ പ്രതികരണം.
അടുത്ത മാസങ്ങളിൽ ഡി.എം.കെയിൽ വൻ സംഘടന അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡി.എം.കെയും കോൺഗ്രസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തൊട്ടുപിന്നാലെ കോൺഗ്രസ് ഡി.എം.കെ സഖ്യം ഉപേക്ഷിക്കുകയും ഭരണകക്ഷിയായ ടി.വി.കെയുമായി കൈകോർക്കുകയും ചെയ്തു. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ വിജയത്തോടെയാണ് തമിഴ്‌നാട്ടിൽ അധികാരത്തിലേറിയത്. ഇടതുപക്ഷ പാർട്ടികൾ, വി.സി.കെ, ഐ.യു.എം.എൽ തുടങ്ങിയ മുൻ ഡി.എം.കെ സഖ്യകക്ഷികൾ പുറത്തുനിന്ന് പിന്തുണ നൽകിയതോടെ ടി.വി.കെ സർക്കാർ രൂപവത്കരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

