Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരള മോഡൽ തമിഴ്നാട്ടിൽ...

കേരള മോഡൽ തമിഴ്നാട്ടിൽ വിലപ്പോകില്ല, വി.സി.കെയുടെ നിർദേശം തള്ളി ഡി.എം.കെ; തമിഴ്നാട്ടിൽ ‘ഇൻഡ്യ’ മുന്നണിയിൽ ഭിന്നത രൂക്ഷം

text_fields
bookmark_border
കേരള മോഡൽ തമിഴ്നാട്ടിൽ വിലപ്പോകില്ല, വി.സി.കെയുടെ നിർദേശം തള്ളി ഡി.എം.കെ; തമിഴ്നാട്ടിൽ ‘ഇൻഡ്യ’ മുന്നണിയിൽ ഭിന്നത രൂക്ഷം
cancel

ചെന്നൈ: തമിഴ്‌നാട്ടിൽ ‘ഇൻഡ്യ’ മുന്നണിയിലെ ഭിന്നത മറനീക്കി പുറത്ത്. മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകവും (ടി.വി.കെ) ഡി.എം.കെയും ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഒന്നിക്കണമെന്ന മുൻ സഖ്യകക്ഷിയായ വി.സി.കെയുടെ ആവശ്യം ഡി.എം.കെ പാടെ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് സഖ്യത്തെ വഞ്ചിച്ചുവെന്ന് ഡി.എം.കെ ആരോപിച്ചു.

സംസ്ഥാന രാഷ്ട്രീയത്തിൽ എതിരാളികളായി തുടരുമ്പോഴും ദേശീയതലത്തിൽ ഒന്നിച്ചുനിൽക്കുന്ന കേരള, ബംഗാൾ മാതൃകയാണ് വി.സി.കെ അധ്യക്ഷൻ തോൽ തിരുമാവളവൻ മുന്നോട്ടുവെച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ ഭിന്നതകളേക്കാൾ ഉപരി ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് മുൻഗണന നൽകണമെന്ന് വാദിച്ച് കോൺഗ്രസും ഈ നിർദേശത്തെ പിന്തുണച്ചിരുന്നു.

എന്നാൽ, ഡി.എം.കെ ഈ നിർദേശം തള്ളി. തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം മാതൃകകൾ പ്രായോഗികമല്ലെന്ന് അവർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനങ്ങൾ ഉറപ്പിക്കാൻ വേണ്ടി മാത്രമാണ് കോൺഗ്രസ് ടി.വി.കെയുമായി കൈകോർത്തതെന്നും ഇത് തങ്ങളെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണെന്നും ഡി.എം.കെ എം.പി ഗണപതി പി. രാജ്‌കുമാർ പറഞ്ഞു. വിശാല താൽപര്യങ്ങൾ പരിഗണിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് ഇപ്പോൾ വി.സി.കെയെ ദൂതന്മാരാക്കി ഡി.എം.കെയെ അനുനയിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘വി.സി.കെയുടെ നിർദേശം ഡി.എം.കെ നേതൃത്വം അംഗീകരിക്കുമെന്ന് കരുതുന്നില്ല. കേരളത്തിലെയും ബംഗാളിലെയും സാഹചര്യമല്ല തമിഴ്‌നാട്ടിലേത്. ടി.വി.കെയുടെ കടന്നുവരവോടെ തമിഴ്നാട് രാഷ്ട്രീയം അടിസ്ഥാനപരമായി മാറിയിരിക്കുന്നു’- രാജ്‌കുമാർ വ്യക്തമാക്കി. പാർലമെന്റിൽ ഒരു എം.പി പോലുമില്ലാത്ത ടി.വി.കെയെ ഇൻഡ്യ മുന്നണിയുടെ ഭാഗമായി പരിഗണിക്കണമോ എന്ന കാര്യത്തിൽ ഗൗരവമായ ചിന്ത ആവശ്യമാണ്.

പത്ത് വർഷത്തോളം നീണ്ട ബന്ധം അവസാനിപ്പിച്ച് കോൺഗ്രസ് പടിയിറങ്ങിയത് ഇൻഡ്യ മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി തന്നെയാണ് തങ്ങളുടെ പ്രധാന പ്രത്യയശാസ്ത്ര ശത്രുവെന്നും ഡി.എം.കെ വ്യക്തമാക്കുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തമിഴ്‌നാട്ടിലുണ്ടായ നാടകീയമായ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അഭിപ്രായപ്രകടനങ്ങൾ. ഡി.എം.കെക്ക് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഒമ്പത് വർഷം നീണ്ട സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ് ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വി.സി.കെയും മുസ്‍ലിം ലീഗും (ഐ.യു.എം.എൽ) സർക്കാരിന്റെ ഭാഗമാവുകയും സി.പി.ഐ, സി.പി.എം പാർട്ടികൾ പുറത്തുനിന്ന് പിന്തുണ നൽകുകയും ചെയ്തു.

ജനാധിപത്യത്തെ സംരക്ഷിക്കാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നാണ് കോൺഗ്രസ് എം.പി ജോതിമണിയുടെ പ്രതികരണം. എന്നാൽ, ഡി.എം.കെയെ പ്രധാന രാഷ്ട്രീയ ശത്രുവായി കാണുന്ന മുഖ്യമന്ത്രി വിജയ്‌യെ ആദ്യം കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വി.സി.കെയെ വെല്ലുവിളിക്കുകയാണ് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ചെയ്തത്.

കോൺഗ്രസും വി.സി.കെയും വിശാല ബി.ജെ.പി വിരുദ്ധ സഖ്യത്തിനായി വാദിക്കുമ്പോഴും, കോൺഗ്രസിന്റേത് രാഷ്ട്രീയ വഞ്ചനയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡി.എം.കെ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ സങ്കീർണമായ രാഷ്ട്രീയ വൈരങ്ങൾക്കിടയിൽ ദേശീയ താൽപര്യങ്ങൾ സന്തുലിതമായി കൊണ്ടുപോകുക എന്നത് ‘ഇൻഡ്യ’ മുന്നണിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ഈ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stalinvckdmkINDIA BloctamilnadupoliticsVijay Government
News Summary - DMK rejects VCK's Kerala model for Tamil Nadu; Rift widens in INDIA bloc
Next Story