ഡി.എം.കെയിൽ ആശയക്കുഴപ്പം; മുതിർന്ന നേതാക്കളുമായി സ്റ്റാലിൻ ചർച്ച നടത്തി
text_fieldsചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.എം.കെയിൽ ആശയക്കുഴപ്പം. ഈ മാസം 15ന് ഡൽഹിയിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അയച്ച ക്ഷണക്കത്ത് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പൊതുസ്ഥാനാർഥിയെ നിർത്തുന്ന വിഷയമാണ് യോഗം ചർച്ച ചെയ്യുകയെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
അന്നുതന്നെ കോൺഗ്രസും സഖ്യകക്ഷികളുടെ യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. കുറേക്കാലമായി മമത ബാനർജിയുമായി ഡി.എം.കെ നേതൃത്വം അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഡി.എം.കെ ഉന്നത നേതാക്കളുമായി സ്റ്റാലിൻ കൂടിയാലോചന നടത്തിയത്. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി എസ്. ദുരൈ മുരുകൻ, എം.പി ടി.ആർ. ബാലു, കെ.എൻ. നെഹ്റു, കെ. പൊൻമുടി തുടങ്ങിയ നേതാക്കളാണ് സംബന്ധിച്ചത്. പ്രത്യേക സാഹചര്യത്തിൽ രണ്ട് യോഗങ്ങളിലും പങ്കെടുക്കണമോയെന്നാണ് യോഗം ഗൗരവമായി ആലോചിച്ചത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദേശിക്കുന്ന സ്ഥാനാർഥിയെ പിന്തുണക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമനിലപാട് ഡി.എം.കെ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല.

