മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കില്ല; നിലപാട് വ്യക്തമാക്കി ഡി.എം.കെ
text_fieldsചെന്നൈ: മണ്ഡല പുനർനിർണയ ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നു. ഡി.എം.കെ ഡീലിമിറ്റേഷൻ വിഷയത്തിൽ നിലപാട് മയപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾക്കിടെ പാർട്ടി തുടക്കം മുതൽ ബില്ലിനെ എതിർക്കുകയായിരുന്നുവെന്നും ഇനിയും അതേ നിലപാട് തുടരുമെന്നും ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
അതേസമയം, നിർദേശിക്കപ്പെട്ട ഡീലിമിറ്റേഷൻ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ശനിയാഴ്ച സംസ്ഥാനത്തെ ലോക്സഭ, രാജ്യസഭ എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഡീലിമിറ്റേഷൻ വിഷയത്തിൽ ഇതുവരെ ഡി.എം.കെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന വിമർശനങ്ങൾ ഉയർന്നതോടെയാണ് രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമായത്. ഇത് കോൺഗ്രസിനടക്കം പ്രതിപക്ഷ പാർട്ടികളിലും ആശങ്ക സൃഷ്ടിച്ചിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബില്ലിനെ പിന്തുണക്കുന്നവരെ പരോക്ഷമായി വിമർശിച്ച് തമിഴ്നാട്ടിൽ രാജ്യദ്രോഹിയുടെ പ്രതീകമായി ഉപയോഗിക്കുന്ന "21-ാം നൂറ്റാണ്ടിലെ എട്ടപ്പന്മാർ" എന്നാണ് വിശേഷിപ്പിച്ചത്.
ഏപ്രിലിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ സംയുക്ത പ്രതിപക്ഷം ചേർന്ന് പരാജയപ്പെടുത്തിയിരുന്നു. അതിന് മുമ്പ് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നീട് കോൺഗ്രസ് തമിഴ്നാട്ടിൽ ടി.വി.കെയെ പിന്തുണച്ചതിനെ തുടർന്ന് ഡി.എം.കെ ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
2011ലെ സെൻസസ് അടിസ്ഥാനമാക്കി ലോക്സഭ മണ്ഡലങ്ങൾ പുനർനിർണയിക്കുകയും ലോക്സഭയിലെ അംഗസംഖ്യ 543ൽ നിന്ന് 850 ആയി ഉയർത്തുകയും ചെയ്യുന്നതാണ് ഡീലിമിറ്റേഷൻ ബില്ലിന്റെ പ്രധാന ലക്ഷ്യം.
1971ലെ സെൻസസിനെ അടുത്ത 25 വർഷത്തേക്ക് ഡീലിമിറ്റേഷന്റെ അടിസ്ഥാനമാക്കണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ലോക്സഭ സീറ്റുകളിൽ ഒരേപോലെ 50 ശതമാനം വർധന നൽകണമെന്നും ഡി.എം.കെ ആവശ്യപ്പെടുന്നു. ബിൽ ഏപ്രിലിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാക്കാൽ നൽകിയ ഉറപ്പാണിതെന്നാണ് പാർട്ടി പറയുന്നത്. കൂടാതെ, ഡീലിമിറ്റേഷനുശേഷം ഓരോ സംസ്ഥാനത്തിനും എത്ര ലോക്സഭ സീറ്റുകൾ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന പട്ടിക ബില്ലിൽ ഉൾപ്പെടുത്തണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീലിമിറ്റേഷനെ ജനസംഖ്യയെ അടിസ്ഥാനമാക്കി മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുമെന്ന ആശങ്കയാണ് തമിഴ്നാടും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും എതിർക്കുന്നതിന് പ്രധാന കാരണം. ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വാദം.
ഇത് പാർലമെന്റിൽ ദക്ഷിണേന്ത്യയുടെ സ്വാധീനം കുറക്കുകയും കേന്ദ്ര നികുതി വിഹിത വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 24 ശതമാനം വരും.
നിലവിൽ തമിഴ്നാടിന് 39 ലോക്സഭ സീറ്റുകളാണുള്ളത്. എല്ലാ സംസ്ഥാനങ്ങൾക്കും 50 ശതമാനം വീതം സീറ്റുകൾ വർധിപ്പിച്ചാൽ തമിഴ്നാടിന് 59 സീറ്റുകളാകും ലഭിക്കുക. എന്നാൽ ഇതുകൊണ്ടും പ്രശ്നം പരിഹരിക്കാനാകില്ലെന്നാണ് വിമർശകർ പറയുന്നത്. വലിയ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതൽ ഉയരുമെന്നാണ് അവരുടെ വാദം.
ഈ വാദം വിശദീകരിച്ച് കോൺഗ്രസ് എം.പിയായ ശശി തരൂർ നേരത്തെ സമൂഹമാധ്യമമായ എക്സിൽ ശമ്പള വർധനയുടെ ഉദാഹരണം പങ്കുവെച്ചിരുന്നു. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഒരാൾക്കും 20,000 രൂപ ശമ്പളം വാങ്ങുന്ന ഡ്രൈവർക്കും 50 ശതമാനം വർധന ലഭിച്ചാലും ഇരുവരുടെയും യഥാർത്ഥ നേട്ടം ഒരുപോലെയാകില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതേ രീതിയിൽ ഉത്തർപ്രദേശിന്റെ ലോക്സഭ സീറ്റുകൾ 80ൽ നിന്ന് 120 ആകുമ്പോൾ കേരളത്തിന്റെ സീറ്റുകൾ 20ൽ നിന്ന് 30 ആകും. ഇതോടെ ഉത്തർപ്രദേശും കേരളവും തമ്മിലുള്ള എം.പിമാരുടെ വ്യത്യാസം 60ൽ നിന്ന് 90 ആയി ഉയരുമെന്നും തരൂർ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഡീലിമിറ്റേഷൻ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിജയ് വിളിച്ച എം.പിമാരുടെ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം വർധിച്ചിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഡീലിമിറ്റേഷൻ നീക്കം പക്ഷപാതപരമാണെന്ന് വിജയ് നേരത്തേ തന്നെ വിമർശിച്ചിരുന്നു. സംസ്ഥാനത്തെ ലോക്സഭ, രാജ്യസഭ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.
എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും എം.പിമാരെ ഒരുമിച്ച് ചർച്ചക്കായി ക്ഷണിച്ച വിജയിയുടെ നീക്കത്തെ കോൺഗ്രസ് എം.പി മാണിക്കം ടാഗോർ അഭിനന്ദിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ടെങ്കിലും രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാ എം.പിമാരെയും ചർച്ചക്കായി ക്ഷണിക്കുന്ന ആദ്യ തമിഴ്നാട് മുഖ്യമന്ത്രിയാണ് വിജയിയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ ഡൽഹിയിൽ തമിഴ്നാട് ഒറ്റക്കെട്ടായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡീലിമിറ്റേഷൻ ബിൽ പ്രതിപക്ഷത്തിന് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ ഇതിനകം അറിയിച്ചിട്ടുണ്ട്.
സമീപകാലത്ത് ഡി.എം.കെയും വിജയിയുടെ ടി.വി.കെയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ യോഗം നടക്കുന്നത്. നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്ത സംഭവവും ഇരുപാർട്ടികളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എം.പിമാർ ഡി.എം.കെ ആയതിനാൽ യോഗത്തിന്റെ അന്തിമ നിലപാടിൽ പാർട്ടിയുടെ സ്വാധീനം നിർണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലോക്സഭയിൽ 22 എം.പിമാരും രാജ്യസഭയിൽ എട്ട് അംഗങ്ങളും ഉള്ള ഡി.എം.കെ പാർലമെന്റിലെ അഞ്ചാമത്തെ വലിയ പാർട്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

