‘ഡി.എം.കെ ഇപ്പോൾ സി.എം.സി, തമിഴ്നാട്ടിൽ മാറ്റം അനിവാര്യം’; ഡബിൾ എൻജിൻ സർക്കാർ വേണമെന്നും മോദി
text_fieldsനരേന്ദ്ര മോദി
ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഡി.എം.കെ ഇപ്പോൾ സി.എം.സി (കറപ്ഷൻ, മാഫിയ, ക്രൈം) സർക്കാർ ആണെന്നും ‘അഴിമതി, മാഫിയ, കുറ്റകൃത്യം’ എന്നിവയുടെ പര്യായമായി മാറിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ഡി.എം.കെ സർക്കാറിന്റെ പതനം തുടങ്ങിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈക്കടുത്തുള്ള മധുരാന്തകത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു.
“തമിഴ്നാട്ടിലെ ജനം ഈ സർക്കാറിനെ പിഴുതെറിയാൻ തീരുമാനിച്ചുകഴിഞ്ഞു. മാറ്റത്തിനായി അവർ വോട്ട് ചെയ്യും. നിലവിലെ സർക്കാരിന് ജനാധിപത്യ ബോധമോ ഉത്തരവാദിത്തമോ ഇല്ല. ഡി.എം.കെ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. പാർട്ടിയിൽ ഒരാൾക്ക് ഉയരണമെങ്കിൽ കുടുംബ മഹിമ, അഴിമതി, സ്ത്രീകളെയോ സംസ്കാരത്തെയോ അധിക്ഷേപിക്കൽ എന്നീ വഴികൾ മാത്രമേയുള്ളൂ (ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഈ വിമർശനം).
2014ന് മുമ്പ് കോൺഗ്രസും ഡി.എം.കെയും കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ നൽകിയതിനേക്കാൾ മൂന്നിരട്ടി തുക തമിഴ്നാടിന്റെ വികസനത്തിനായി എൻ.ഡി.എ സർക്കാർ അനുവദിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന്റെ പേരിൽ ഡി.എം.കെ അഴിമതി നടത്തുകയാണ്. സ്റ്റാലിൻ സർക്കാരിന് കീഴിൽ മയക്കുമരുന്ന്-മദ്യ മാഫിയകൾ തഴച്ചുവളരുകയാണ്. ഡി.എം.കെ നേതാക്കൾക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തമിഴ്നാടിനെ ലഹരി വിമുക്തമാക്കാൻ എൻ.ഡി.എക്ക് വോട്ട് ചെയ്യണം” -മോദി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്ത് ക്രമസമാധാനവും സ്ത്രീ സുരക്ഷയും മികച്ചതായിരുന്നുവെന്ന് മോദി പറഞ്ഞു. എന്നാൽ ഡി.എം.കെ ഭരണത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലാതായി. എൻ.ഡി.എ അധികാരത്തിൽ വന്നാൽ സ്ത്രീ സുരക്ഷ ഉറപ്പാക്കും.തമിഴ്നാട്ടിൽ നിക്ഷേപങ്ങൾ ആകർഷിക്കാനും വികസനം വേഗത്തിലാക്കാനും കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേ മുന്നണി ഭരിക്കുന്ന ‘ഡബിൾ എൻജിൻ സർക്കാർ’ വേണം. തമിഴ്നാട്ടിൽ മാറ്റം അനിവാര്യമാണെന്നും ഡി.എം.കെ സർക്കാറിനോട് വിട പറയാൻ ജനം തയാറെടുത്തുകഴിഞ്ഞുവെന്നും പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

