‘ഇനി ഇൻഡ്യ സഖ്യത്തിന്റെ ഭാഗമല്ല, കോൺഗ്രസിനെ ഡിവോഴ്സ് ചെയ്തു’; ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മയുടെ സൂചന നൽകി ഡി.എം.കെ
text_fieldsചെന്നൈ: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡ്യ സഖ്യത്തിൽ ഇനി ഡി.എം.കെ ഭാഗമല്ലെന്ന് പാർട്ടി വക്താവ് ടി.കെ.എസ്. ഇളങ്കോവൻ. ഭാവിയിൽ ബി.ജെ.പിക്കെതിരെ ശക്തവും മതേതരവുമായ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ കൂട്ടായ്മ രൂപപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ തിങ്കളാഴ്ച ഇൻഡ്യ സഖ്യത്തിന്റെ യോഗം അവസാനിച്ചതിന് പിന്നാലെയായിരുന്നു ചെന്നൈയിൽ ഇളങ്കോവന്റെ പ്രതികരണം.
ഡൽഹിയിൽ നടക്കുന്ന ഇൻഡ്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി.എം.കെ നേരത്തെ അറിയിച്ചിരുന്നു. തമിഴ്നാട്ടിൽ കോൺഗ്രസ് പാർട്ടി വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിനെ പിന്തുണച്ചതിനെ തുടർന്നാണ് കോൺഗ്രസുമായും ഡി.എം.കെയുമായും ബന്ധം വഷളായത്. ഇതിനെതിരെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിന് എതിരെ രംഗത്ത് എത്തിയിരുന്നു.
നിരവധി പാർട്ടികൾ ഇതിനകം തന്നെ സഖ്യത്തിൽ നിന്ന് അകന്നു കഴിഞ്ഞതായും, ഡി.എം.കെയും സമാനമായ പാത തിരഞ്ഞെടുക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ‘ഇനി ഇൻഡ്യ സഖ്യത്തിന്റെ ഭാഗമല്ല. എന്നാൽ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനങ്ങൾ നിരീക്ഷിക്കും. പൊതുവായ നിലപാടുകൾ ഉണ്ടെങ്കിൽ അതിനെ പിന്തുണക്കും’ -ഇളങ്കോവൻ വ്യക്തമാക്കി. ഒട്ടേറെ പാർട്ടികൾ ഇൻഡ്യ മുന്നണിയിൽനിന്ന് അകന്നു നിൽക്കുകയാണ്. ബി.ജെ.പിക്ക് എതിരായ പൊതുലക്ഷ്യങ്ങൾ ചേർത്ത്, ഭാവിയിൽ ഇവരെ ചേർത്ത് മൂന്നാം മുന്നണിയുണ്ടാകാമെന്ന് ഇളങ്കോവൻ പറഞ്ഞു. കോൺഗ്രസുമായി ഇനി ബന്ധമില്ലെന്നും ‘ഡിവോഴ്സ്’ ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു. പിന്നിൽനിന്ന് കുത്തിയവരെ ഇനി കൂടെ കൂട്ടില്ല, മറ്റു പാർട്ടികൾ ചർച്ച ചെയ്തതിന് ശേഷമാണ് സഖ്യത്തിൽനിന്ന് പോയതെന്ന് ഡി.എം.കെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി പ്രതികരിച്ചു.
ഇതിനിടെ, ഡി.എം.കെയുടെ അഭാവം ഇൻഡ്യ സഖ്യത്തിനുള്ളിലെ ഭിന്നതകൾ കൂടുതൽ രൂക്ഷമാക്കിയതായാണ് വിവരം. ലോക്സഭയിലും ഡി.എം.കെ കോൺഗ്രസിൽ നിന്ന് അകന്നുനിൽക്കുന്ന നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഡി.എം.കെ പ്രത്യേക സീറ്റിങ് ക്രമീകരണം ആവശ്യപ്പെടുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

