വിജയ്‌യുടെ മുന്നണി 'അവസരവാദ പണപ്പെട്ടി സഖ്യം'; കടുത്ത പരിഹാസവുമായി ഡി.എം.കെ മുഖപത്രം
text_fieldsഇടത്തുനിന്ന് കെഎം കാദർ മൊയ്‌ദീൻ, വൈകോ, ജോസഫ് വിജയ്, മാണിക്കം ടാഗോർ, തോൽ. തിരുമാവളവൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ അവസരവാദിയെന്ന് വിളിച്ച് മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്ത അതേ പാർട്ടികളുമായി ചേർന്നാണ് വിജയ് ഇപ്പോൾ മുന്നണി ഉണ്ടാക്കിയിരിക്കുന്നതെന്നും, ഇതിനെ 'അവസരവാദ പണപ്പെട്ടി സഖ്യം' എന്ന് മാത്രമേ വിളിക്കാൻ കഴിയൂ എന്നും ഡി.എം.കെ മുഖപത്രമായ 'മുരശൊലി' മുഖപ്രസംഗത്തിൽ പരിഹസിച്ചു.
ടി.വി.കെ നേതൃത്വം നൽകുന്ന മുന്നണിയെ 'മതേതര സാമൂഹിക നീതി വിജയ് സഖ്യം' എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നേതാക്കൾ വിരലുയർത്തി ഒന്നിച്ച് പോസ് ചെയ്യുകയും ചെയ്ത ചിത്രത്തെ പരാമർശിച്ചായിരുന്നു ഡി.എം.കെയുടെ രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഈ സഖ്യകക്ഷികളെ പേരെടുത്ത് പറയാൻ പോലും മടിച്ച് 'മറ്റു ചിലർ' എന്ന് അവഹേളിച്ച വിജയ്, ഇപ്പോൾ സ്വയം 'മറ്റു ചിലരിൽ' ഒരാളായി തരംതാണിരിക്കുകയാണെന്ന് മുരശൊലി കുറ്റപ്പെടുത്തി. "അറിവാളയത്തിന്റെ ഗേറ്റിന് മുന്നിലൂടെ നടന്നാൽ അകത്തേക്ക് വിളിച്ച് സീറ്റ് കൊടുക്കുമെന്ന് പറഞ്ഞ് കോൺഗ്രസ്, വി.സി.കെ, എം.ഡി.എം.കെ, മുസ്‌ലിം ലീഗ് കക്ഷികളെ അന്ന് പരിഹസിച്ച വിജയ്, ഇപ്പോൾ അതേ നേതാക്കളെ ഒപ്പം നിർത്തി ഭരണം നടത്താൻ എന്താണ് പകരം കൊടുത്തത്?" എന്ന് മുഖപ്രസംഗം ചോദിക്കുന്നു.
പൊട്ടിയ ചില്ലുകഷണങ്ങൾ കൂട്ടിയൊട്ടിച്ചതുപോലെയും കീറിപ്പറിഞ്ഞ തുണി തുന്നിച്ചേർത്തതുപോലെയുമാണ് ഡി.എം.കെ സഖ്യമെന്ന് അന്ന് പരിഹസിച്ച വിജയ്‌യുടെ ഇന്നത്തെ മുന്നണിയും നേതാക്കളുടെ മുഖവും കണ്ടാൽ അതേ അവസ്ഥയാണെന്ന് ലേഖനത്തിൽ ആക്ഷേപിക്കുന്നു. കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന വിജയ്, വിശ്വാസവോട്ടിൽ ജയിക്കാൻ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെ മന്ത്രിസ്ഥാനവും ബോർഡ് ചെയർമാൻ പദവികളും വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നും കുതിരക്കച്ചവടത്തിലൂടെയാണ് ഭരണം നിലനിർത്തുന്നതെന്നും ഡി.എം.കെ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

