1,200 കോടിയുടെ പുതിയ സെക്രട്ടേറിയറ്റ് പദ്ധതി: ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ മദ്രാസ് ഹൈകോടതിയിൽ
text_fieldsചെന്നൈ: പട്ടീനപ്പാക്കത്തെ ഫോർഷോർ എസ്റ്റേറ്റിൽ 1,200 കോടി രൂപ ചെലവിൽ പുതിയ സെക്രട്ടേറിയറ്റും നിയമസഭാ സമുച്ചയവും നിർമിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കത്തിനെതിരെ ഡി.എം.കെ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിക്കൊണ്ട് 2026 സെപ്റ്റംബർ 8-ന് തമിഴ്നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റേ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുൻ മൈലാപ്പൂർ എം.എൽ.എയും ഡി.എം.കെ നേതാവുമായ ധാ വേലു ആണ് ഹൈകോടതിയിൽ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്തത്.
ഫോർഷോർ എസ്റ്റേറ്റിലെ 25.55 ഏക്കർ സ്ഥലത്ത് 20 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഭരണസമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ നിർദ്ദിഷ്ട പ്രദേശം കോസ്റ്റൽ റെഗുലേഷൻ സോൺ-II പരിധിയിൽ വരുന്ന അതീവ പരിസ്ഥിതിലോല തീരദേശ മേഖലയാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ ഒൻപത് തീരദേശ ഗ്രാമങ്ങളിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും പ്രദേശത്തെ സമുദ്ര ആവാസവ്യവസ്ഥയെയും ഇത് ഗുരുതരമായി ബാധിക്കും. കൂടാതെ, വംശനാശഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകളുടെ പ്രധാന പ്രജനന കേന്ദ്രമാണ് ഈ തീരമെന്നും ഹരജിയിൽ പറയുന്നു. എല്ലാ വർഷവും ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ പതിനായിരത്തോളം ആമമുട്ടകൾ മറീന തീരത്തുനിന്ന് ശേഖരിച്ച് വിരിയിച്ച് കടലിലേക്ക് വിടാറുണ്ടെന്നും, ഇവിടെയുള്ള കൂറ്റൻ നിർമാണങ്ങൾ ജൈവവ്യവസ്ഥയെ തകിടം മറിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ്, സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി, ഫിഷറീസ് വകുപ്പ്, സിറ്റി ട്രാഫിക് പൊലീസ്, സി.എം.ഡി.എ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുടെയോ ഏജൻസികളുടെയോ റിപ്പോർട്ടോ അനുമതിയോ ഇല്ലാതെയാണ് ധൃതിപിടിച്ച് സർക്കാർ ഉത്തരവിറക്കിയതെന്ന് ധാ വേലു ആരോപിച്ചു. പരിസ്ഥിതി ആഘാത പഠനമോ, ഗതാഗത ആഘാത പഠനമോ നടത്താതെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. 2011-ലെ സി.ആർ.സെഡ് വിജ്ഞാപന പ്രകാരം 20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള നിർമാണങ്ങൾക്ക് കർശനമായ പാരിസ്ഥിതിക അനുമതിയും കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റിയുടെ ശുപാർശയും അനിവാര്യമാണെന്നിരിക്കെ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി പ്രദേശത്ത് ശ്രീനിവാസപുരത്തെ 1,356 തമിഴ്‌നാട് അർബൻ ഹാബിറ്റാറ്റ് ഡെവലപ്‌മെന്റ് ബോർഡ് ടെനമെന്റുകൾ ഉൾപ്പെടെ 2,000-ലധികം വീടുകളും ആയിരക്കണക്കിന് കുടിലുകളുമുണ്ട്. പദ്ധതി നടപ്പിലായാൽ 1,500-ലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം വഴിയാധാരമാകുമെന്നും സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ റോഡ് സുരക്ഷയെയും കടുത്ത ഗതാഗതക്കുരുക്ക് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഹരജിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

