‘ഒരു ലജ്ജയുമില്ലാതെ മുൻനിരയിൽ ഇരുന്ന നടിയുടെ രംഗം സഹിക്കാനാകില്ല...’; വിജയിയെ വിമർശിച്ച് ഡി.എം.കെ മുഖപത്രം
text_fieldsചെന്നൈ: ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നടി തൃഷക്ക് മുൻനിരയിൽ സീറ്റ് നൽകിയതിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രം ‘മുരശൊലി’.
ആഗസ്റ്റ് 15ന് ഫോർട്ട് സെന്റ് ജോർജിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തൃഷ പങ്കെടുത്തതും മുൻനിരയിൽ ഇരിപ്പിടം നൽകിയതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. വിജയിയുടെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും മറ്റ് പ്രമുഖ വിശിഷ്ടാതിഥികൾക്കുമൊപ്പമാണ് തൃഷ മുൻനിരയിൽ ഇരുന്നത്. കൂടാതെ, പരേഡിൽ വിജയ് സല്യൂട്ട് നൽകുമ്പോൾ, തിരിച്ച് തൃഷയും സല്യൂട്ട് നൽകുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
‘യാതൊരു ലജ്ജയുമില്ലാതെ മുൻനിരയിൽ ഇരുന്ന നടിയുടെ രംഗവും രണ്ടുപേരും പരസ്പരം സല്യൂട്ട് ചെയ്ത രംഗവും അദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് സഹിക്കാൻ കഴിയില്ല. അതിനെ ഒരു അഭിമാനപ്രശ്നമാക്കി മാറ്റി ന്യായീകരിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഇന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി’ -മുഖപത്രം വിമർശിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇത്തരം ഒരു ഇടപെടൽ ഉചിതമാണോ എന്നും ആഘോഷങ്ങളിലേക്ക് ഒരു നടിയെ കൊണ്ടുവരുന്നതിനെ വിജയിന്റെ ആരാധകർ മാത്രമേ അംഗീകരിക്കൂ എന്നും മുഖപത്രത്തിൽ പറയുന്നു.
സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പരമ്പരാഗതമായ റോയൽ ഗോൾഡൻ സാരി ധരിച്ചാണ് തൃഷ എത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി വിജയിയും തൃഷയും തമ്മിലുള്ള വ്യക്തിബന്ധത്തെക്കുറിച്ച് നിരന്തരം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ‘ഗില്ലി’, ‘തിരുപ്പാച്ചി’, ‘ആദി’, ‘കുരുവി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ ഏറ്റവും ജനപ്രിയ ഓൺ-സ്‌ക്രീൻ ജോഡികളായി മാറിയവരാണ് വിജയിയും തൃഷയും. ഇവർ ദീർഘകാലമായി സുഹൃത്തുക്കളുമാണ്.
വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയായി മൂന്ന് മാസം തികയും മുമ്പു തന്നെ തന്‍റെ രാഷ്ട്രീയ സ്വാധീനത്തിലും പദവിയിലും വിജയ്ക്ക് വലിയ ആശങ്കയുണ്ടെന്നും മുഖപത്രം പറയുന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആ ആശങ്ക പ്രകടമായിരുന്നു. തന്റെ സർക്കാറിന് പിന്തുണ തുടരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചതിനെക്കുറിച്ചും മുഖപത്രം പരാമർശിക്കുന്നുണ്ട്. വിജയ് എന്തിനാണ് ഇത്തരമൊരു അഭ്യർഥന നടത്തിയതെന്ന് ലേഖനം ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

