'തമിഴ്നാട്ടിൽ കാവേരി നദിയുണ്ടെന്നുപോലും വിജയ്ക്കറിയില്ല'; മേക്കദട്ടു വിഷയത്തിൽ വിമർശനവുമായി ഡിഎംകെ
text_fieldsചെന്നൈ: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായുള്ള കൂടിക്കാഴ്ചയിൽ മേക്കദട്ടു അണക്കെട്ട് വിഷയം ഉന്നയിക്കാത്തതിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെവിമർശനവുമായി ഡിഎംകെ. തമിഴ്നാട്ടിൽ കാവേരി നദിയുണ്ടെന്നുപോലും വിജയ്ക്ക് അറിയില്ലെന്നായിരുന്നു ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്റെ പരിഹാസം. സംസ്ഥാനത്തിന്റെ താൽപര്യങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉയർത്തി.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിജയ് ഡൽഹിയിൽ ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ കാവേരി നദീജല തർക്കവും മെക്കേദാട്ടു അണക്കെട്ട് പദ്ധതിയും ചർച്ചയായില്ലെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. കൂടിക്കാഴ്ചക്കുശേഷം വിജയ് തന്റെ സുഹൃത്താണെന്നും, സുപ്രീംകോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് നൽകേണ്ട വെള്ളം നൽകുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയത്തിൽ സിനിമയിലെന്നപോലെ ഒറ്റയാൾ പ്രകടനം മതിയാകില്ലെന്ന് ഡിഎംകെ മുഖപത്രമായ 'മുരസൊലി'യും വ്യക്തമാക്കി. മെക്കേദാട്ടു വിഷയത്തിൽ തമിഴ്നാടിന്റെ നിലപാട് വ്യക്തമാക്കാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും അറിയിച്ചിട്ടുണ്ട്. വിജയ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടും കാവേരി തർക്കം ഉന്നയിക്കാത്തത് തമിഴ്നാടിനോടുള്ള വഞ്ചനയാണെന്ന് എ.ഐ.എ.ഡി.എം.കെയും ആരോപിച്ചു. കോൺഗ്രസിനെ പിണക്കാതിരിക്കാനാണ് വിജയ് ശ്രമിക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ വിമർശിച്ചു.

