തമിഴ്നാട്ടിൽ ദലിത് ജീവനക്കാരനെ ഡി.എം.കെ കൗൺസിലറുടെ കാലിൽ വീണ് മാപ്പ് പറയിപ്പിച്ചതായി പരാതി
text_fieldsചെന്നൈ: വിഴുപ്പറും ജില്ലയിലെ ഡിണ്ടിവനം നഗരസഭ ഓഫിസിലെ ദലിത് ജീവനക്കാരൻ മുനിയപ്പനെ ഡി.എം.കെ വനിത കൗൺസിലറുടെ കാലിൽ വീണ് മാപ്പ് പറയിപ്പിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പൊലീസിൽ പരാതി. ഇതിന്റെ വീഡിയോ സാമുഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡി.എം.കെ കൗൺസിലർ രമ്യരാജയും ഭർത്താവും ചേർന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാലിൽവീണ് മാപ്പ് പറയിപ്പിച്ചതായാണ് ആക്ഷേപം.
ജാതിപ്പേര് വിളിച്ച് ചീത്തവിളിച്ചതായും പരാതിയുണ്ട്. രമ്യരാജ ആവശ്യപ്പെട്ട രേഖ മുനിയപ്പൻ ലഭ്യമാക്കാത്തതാണ് പ്രകോപനത്തിന് കാരണമായതെന്നും പറയുന്നു. അതേസമയം കാലിൽ വീഴാൻ ആരും പറഞ്ഞില്ലെന്നും പൊടുന്നനെ മുനിയപ്പൻ വികാരാധീനനായി തന്റെ കാലിൽ വീണ് മാപ്പ് ചോദിക്കുകയായിരുന്നുവെന്നും ഇത് ചിലർ വിഡിയോവിൽ പകർത്തിയതായും രമ്യരാജ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.
സംഭവത്തിന്റെ 56 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വനിത കൗൺസിലറുടെ കാലിലേക്ക് മുനിയപ്പൻ വീഴുന്ന വിഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസിന്റേയും വിശദീകരണം പുറത്ത് വന്നിട്ടുണ്ട്.
ഇതുപ്രകാരം കൗൺസിലറുടെ കാലിൽ സ്വമേധയ വീഴുകയായിരുന്നുവെന്ന സ്റ്റേറ്റ്മെന്റാണ് ഇയാൾ ആദ്യം നൽകിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ, രണ്ടാമത് നൽകിയ പരാതിയിൽ കൗൺസിലറുടെ നിർബന്ധത്തിന് വഴങ്ങിയാണ് കാലിൽ വീണതെന്നാണ് ഇയാൾ ചൂണ്ടിക്കാട്ടുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കിടയിലെ അതിക്രമം തടയുന്ന വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാവുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

