Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിജെപിയുമായുള്ള സഖ്യമല്ല, ഡിഎംകെ ബില്ലിനെ പിന്തുണക്കുന്നത് തമിഴ്‌നാടിന്റെ താൽപര്യം മുൻനിർത്തി മാത്രം: കനിമൊഴി

text_fields
bookmark_border
കനിമൊഴി അടക്കമുള്ള ഡി.എം.കെ എം.പിമാർ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ബിജെപിയുമായുള്ള സഖ്യമല്ല, ഡിഎംകെ ബില്ലിനെ പിന്തുണക്കുന്നത് തമിഴ്‌നാടിന്റെ താൽപര്യം മുൻനിർത്തി മാത്രം: കനിമൊഴി
cancel
camera_alt

കനിമൊഴി

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണക്കാനുള്ള ഡി.എം.കെയുടെ തീരുമാനം തമിഴ്‌നാടിന്റെ താൽപര്യം മുൻനിർത്തി മാത്രമാണെന്ന് എം.പി കനിമൊഴി കരുണാനിധി. ബില്ലിനെ പിന്തുണക്കുന്നത് ബി.ജെ.പിയുമായി ഒരു സഖ്യത്തെ സൂചിപ്പിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു കനിമൊഴി.

"ബില്ലിനെ പിന്തുണച്ചാൽ അത് ബി.ജെ.പിയുമായുള്ള സഖ്യമാണെന്നാണോ അർഥം? തമിഴ്‌നാടിന്റെ താൽപ്പര്യാർത്ഥം മാത്രമാണ് ഡി.എം.കെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചത്," കനിമൊഴി പറഞ്ഞു.

ബില്ലിനെ പിന്തുണ ഡി.എം.കെ പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചതിന് പിന്നാലെ, കനിമൊഴിയും ടി.ആർ. ബാലു, എ. രാജ, കലാനിധി മാരൻ എന്നിവരടങ്ങുന്ന ഡി.എം.കെ എംപിമാരുടെ സംഘം ന്യൂഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവിൽ നടത്തിയ സെൻസസിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണ്ണയത്തിൽ തമിഴ്‌നാടിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക എന്നതാതാണ് ബില്ലിനെ പിന്തുണക്കുന്നതിലെ പ്രധാന ലക്ഷ്യമെന്നും കനിമൊഴി പറഞ്ഞു. നീതിയുക്തമായ മണ്ഡല പുനർനിർണ്ണയ പ്രക്രിയ ഉറപ്പാക്കാൻ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒരുമിച്ച് കൊണ്ടുവന്ന് കൂടിയാലോചനകൾ നടത്താൻ ഡി.എം.കെ മുൻകൈ എടുത്തിരുന്നുവെന്നും അവർ വ്യക്തമാക്കി.

"എല്ലാ സംസ്ഥാനങ്ങൾക്കും മണ്ഡലങ്ങളുടെ എണ്ണം തുല്യമായി വർധിപ്പിക്കണം. ഈ വിഷയത്തിൽ തമിഴ്‌നാടിന് യാതൊരു വിധത്തിലുള്ള തിരിച്ചടിയും ഉണ്ടാകരുതെന്ന നിലപാടിൽ ഡി.എം.കെ ഉറച്ചുനിൽക്കുന്നു. 1971-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ബിജെപി ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്. ഡിഎംകെ തങ്ങളുടെ നിലപാടിൽ സ്ഥിരതയും ദൃഢതയും പുലർത്തുന്നുണ്ട്," കനിമൊഴി കൂട്ടിച്ചേർത്തു.

ബില്ലിനെ പിന്തുണക്കാൻ തീരുമാനിച്ച പാർട്ടികളെ 'ഭീരുക്കൾ' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തോടും കനിമൊഴി പ്രതികരിച്ചു. ഒന്നിനെയും ഭയക്കുന്ന പാർട്ടിയല്ല ഡി.എം.കെ. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ മുതൽ മറ്റ് നിരവധി സമരങ്ങൾ വരെ ഞങ്ങൾ വിട്ടുവീഴ്ചയില്ലാതെ പോരാടുകയും ജീവൻ പോലും ബലിയർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡി.എം.കെ ഏത് തരത്തിലുള്ള പാർട്ടിയാണെന്ന് കോൺഗ്രസിന് നന്നായി അറിയാം. രാഹുൽ ഗാന്ധി ആരെ ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.

നവംബർ 30 ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്ര സർക്കാർ പുതിയ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഡി.എം.കെക്ക് പുറമെ ഇൻഡ്യ സഖ്യത്തിലെ എൻ.സി.പിയും ബി.ആർ.എസ് ബില്ലിന് പിന്തണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ബില്ലിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഈ വർഷം ഏപ്രിലിൽ ലോക്സഭയിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, അന്ന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനയുടെ 131ആം ഭേദഗതി ബിൽ പാസായിരുന്നില്ല. ഇതിനു പിന്നാലെ നേരത്തേ അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ പിൻവലിച്ച് പഴയ ബില്ലിലെ ചില വ്യവസ്ഥകളിൽ മാറ്റം വരുത്തിയാണ് പുതിയത് തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള സീറ്റുകൾക്ക് പുറമെ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും ലോക്സഭയിൽ അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും സംസ്ഥാന നിയമസഭകളിലെ ആകെ സീറ്റുകളും 50 ശതമാനം വർധിപ്പിക്കാനാണ് പുതിയ ബില്ലിലെ പ്രധാന നിർദേശം. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് കരട് ബില്ലിൽ വ്യക്തമാക്കുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - "DMK backed Delimitation Bill in Tamil Nadu's interest": Kanimozhi Karunanidhi
Next Story