ഭിന്നശേഷിക്കാരന്റെ കസ്റ്റഡി മരണം; ജയിൽ വാർഡൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ, വിജയ് ഇപ്പോൾ മൗനം പാലിക്കുന്നതെന്തിനെന്ന് പ്രതിപക്ഷം
text_fieldsചെന്നൈ: തമിഴ്നാട്ടിലെ നാഗർകോവിലിൽ ഗുഡ്ക വിൽപനക്കേസിൽ റിമാൻഡിലായിരുന്ന ഭിന്നശേഷിക്കാരൻ ജയിലിൽ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചീഫ് വാർഡൻ എൻ. സുരേഷിനെയും രണ്ട് ജയിൽ ജീവനക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡി മർദനത്തെ തുടർന്ന് ശബരിവർമൻ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷവും കുടുംബവും രംഗത്തെത്തിയിരുന്നു. ശബരിവർമന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ 19 പരിക്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയിലിനുള്ളിൽ മർദനമേറ്റതായി കണ്ടെത്തി. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിഷയത്തിൽ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഡി.എം.കെ രംഗത്തെത്തി. ഡി.എം.കെ ഭരണകാലത്ത് കസ്റ്റഡി മരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച വിജയ് ഇപ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പാർട്ടി നേതാക്കൾ ചോദിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിജയ് സംഭവത്തിൽ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. മുൻ ഭരണകാലത്ത് കസ്റ്റഡി മരണങ്ങൾക്കെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിജയ്ക്ക് ഇപ്പോൾ അതേ വിഷയത്തിൽ പ്രതികരിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷം വിമർശിച്ചു.
ഗുഡ്കയും പാൻ മസാലയും അനധികൃതമായി വിറ്റുവെന്ന കേസിൽ ശബരിവർമനെ ജൂലൈ ഒമ്പതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാന കുറ്റം ചുമത്തി ഇതിന് മുമ്പും ഇയാൾക്കെതിരെ രണ്ടുതവണ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാഗർകോവിൽ കോടതി ഇയാളെ റിമാൻഡ് ചെയ്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ജയിലിനുള്ളിൽ ശബരിവർമനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശബരിവർമൻ ആരോഗ്യവാനായിരുന്നുവെന്നും അറസ്റ്റിന് ശേഷം ശരീരമാസകലം മർദനമേറ്റ പാടുകളോടെയാണ് മൃതദേഹം ലഭിച്ചതെന്നും കുടുംബം ആരോപിച്ചു. മൃതദേഹത്തിൽ പുറമേ കാണാവുന്ന നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികളും പറഞ്ഞു.
സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. കസ്റ്റഡി മർദനത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
സംഭവത്തിൽ ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു. മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

