മണ്ഡല പുനർനിർണയ ബിൽ യോഗം ബഹിഷ്കരിച്ച് ഡി.എം.കെ, അണ്ണാ ഡി.എം.കെ
text_fieldsചെന്നൈ: കേന്ദ്ര സർക്കാറിന്റെ മണ്ഡല പുനർ നിർണയ ബില്ലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ചുകൂട്ടിയ തമിഴ്നാട് എം.പിമാരുടെ യോഗം ഡി.എം.കെയും അണ്ണാ ഡി.എം.കെയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. കാവേരി, മേക്കേദാട്ട് ഡാം വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യം അംഗീകരിക്കാത്ത ടി.വി.കെ സർക്കാർ ജനശ്രദ്ധ തിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു രാഷ്ട്രീയ നാടകം നടത്തുന്നതെന്ന് ഇവർ ആരോപിച്ചു.
കേന്ദ്ര സർക്കാർ പാർലമെന്റിൽ ഇനിയും ബിൽ അവതരിപ്പിക്കാത്ത സാഹചര്യത്തിൽ ഇത്തരമൊരു യോഗത്തിന് പ്രസക്തിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. ബില്ലിനെതിരായ ഡി.എം.കെയുടെ നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ കനിമൊഴി എം.പി പറഞ്ഞു. കാവേരി, മേക്കേദാട്ടു പോലുള്ള ജീവൽ പ്രശ്നങ്ങളിൽ സർവകക്ഷി യോഗം വിളിച്ചുകൂട്ടണമെന്ന് എല്ലാ പാർട്ടികളും ആവശ്യപ്പെട്ടപ്പോൾ മൗനം പാലിച്ച ടി.വി.കെ സർക്കാർ, മണ്ഡല പുനർനിർണയ ബില്ലിന്റെ പേരിൽ തിടുക്കത്തിൽ എം.പിമാരുടെ യോഗം വിളിച്ചുകൂട്ടുന്നതിന് പിന്നിൽ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും അവർ ആരോപിച്ചു.
തമിഴ്നാട്ടിൽ ആകെ 57 എം.പിമാരാണുള്ളത്. ഇതിൽ ഡി.എം.കെ (30), അണ്ണാ ഡി.എം.കെ (നാല്), പാട്ടാളി മക്കൾ കക്ഷി (ഒന്ന്), മക്കൾ നീതിമയ്യം (ഒന്ന്), ഡി.എം.ഡി.കെ (ഒന്ന്) എന്നിവയിൽനിന്നുള്ള 37 എം.പിമാരാണ് ബഹിഷ്കരിച്ചത്. അതേസമയം, വിജയ് നയിക്കുന്ന ടി.വി.കെയുടെ സഖ്യകക്ഷികളായ കോൺഗ്രസ് (12), വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) (രണ്ട്), മുസ്ലിംലീഗ് (ഒന്ന്), എം.ഡി.എം.കെ (ഒന്ന്), വിജയ് സർക്കാറിനെ പുറമെനിന്ന് പിന്തുണക്കുന്ന സി.പി.എം (രണ്ട്), സി.പി.ഐ (രണ്ട്) എന്നീ കക്ഷികളിൽപ്പെട്ട 19 എം.പിമാർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

