ഡി.കെ. മന്ത്രിസഭയിൽ ആരൊക്കെ? ഖാർഗെയും കെ.സി. വേണുഗോപാലുമായി ചർച്ച നടത്തി, അന്തിമതീരുമാനം ഇന്നുണ്ടാകും
text_fieldsബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നാളെ പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ നിർണായക ചർച്ചയിൽ കോൺഗ്രസ് നേതൃത്വം. ഡി.കെയോടൊപ്പം ആരൊക്കെ മന്ത്രിമാരാകണമെന്ന് തീരുമാനിക്കാൻ തിങ്കളാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പ്രാഥമിക ചർച്ച നടന്നിരുന്നു.
ഡി.കെയും സിദ്ധരാമയ്യയും മുന്നോട്ടുവച്ച മന്ത്രിമാരുടെ പട്ടിക ഖാർഗെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിശകലനം ചെയ്തു. ഇന്ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ വിശദമായ ചർച്ചക്കുശേഷം മന്ത്രിമാരുടെ അന്തിമ തീരുമാനമാകും. ജയ്പൂരിലായിരുന്ന രാഹുൽ ഗാന്ധി ഡൽഹിയിൽ എത്താൻ വൈകിയതിനെ തുടർന്നാണ് ചർച്ച ഇന്നത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രിക്കൊപ്പം സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര, ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ ഉൾപ്പെടെ 12 മന്ത്രിമാർ ചുമതലയേൽക്കുമെന്നാണ് സൂചന. ജൂൺ 18ന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിസഭ വികസിപ്പിക്കുക.
ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ വേണമെന്ന സിദ്ധരാമയ്യയുടെ ആവശ്യം ഹൈക്കമാൻഡ് എങ്ങനെ പരിഗണിക്കുന്നുവെന്നതും നിർണായകമാണ്. സാമുദായിക സന്തുലിതത്വം നിലനിർത്താൻ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകിയേക്കും.
ബുധനാഴ്ച വൈകീട്ട് 4.05ന് ബംഗളൂരു ലോക്ഭവനിലെ ഗ്ലാസ് ഹൗസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2023 മേയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റ സിദ്ധരാമയ്യ, ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്നാണ് ഡി.കെ. ശിവകുമാറിനായി വഴിമാറുന്നത്.
2028ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികൾ ആവിഷ്‍കരിച്ച് നടപ്പാക്കി ഭരണം നിലനിർത്തുകയാണ് കോൺഗ്രസ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

