ബംഗളൂരു: കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പു സുൽത്താനെയും മുഹമ്മദ് നബിയെയും യേശുക്രിസ്തുവിനെയും ഒഴിവാക്കിയതിൽ പ്രതിഷേധവുമായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ.
‘‘ബി.ജെ.പി സർക്കാർ എല്ലാം രാഷ്ട്രീയമാക്കുകയാണ്. അവർക്ക് വ്യക്തിഗത അജണ്ടക്കൊപ്പം ചരിത്രപരമായ അജണ്ടയുമുണ്ട്്. ഇത് അംഗീകരിക്കാനാകില്ല. അവർ അംഗീകരിച്ചാലും ഇല്ലെങ്കിലും ടിപ്പുവും ഹൈദരാലിയും മുഹമ്മദ് നബിയുമെല്ലാം ചരിത്രമാണ്. ജോയിൻറ് കമ്മിറ്റി സെഷനിൽ പെങ്കടുത്ത് ഇന്ത്യയുടെ പ്രസിഡൻറ് തന്നെ ടിപ്പുവിനെ സ്തുതിച്ചിട്ടുണ്ട്. ടിപ്പു ജയന്തി ആഘോഷിക്കുന്നതും ആഘോഷിക്കാതിരിക്കുന്നതും വേറെ കാര്യമാണ്. ചരിത്രം ചരിത്രമാണ്. പാഠപുസ്തക ഡ്രാഫ്റ്റ് കമ്മിറ്റി കരിക്കുലം മാറ്റാൻ ശ്രമിക്കുകയാണ്. ഇത് ശരിയല്ല. നമുക്ക് ചരിത്രത്തെ മാറ്റാനാകില്ല’’ - ഡി.കെ ശിവകുമാർ പ്രതികരിച്ചു.
കോവിഡിെൻറ പശ്ചാത്തലത്തിൽ അധ്യയന ദിനങ്ങൾ കുറയുന്നതിെൻറ പേരിലാണ് പാഠപുസ്തകങ്ങളിൽനിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരാലിയെയും ടിപ്പു സുൽത്താനെയും കർണാടക സർക്കാർ ‘വെട്ടിമാറ്റി'യത്. പ്രവാചകൻ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും സംസ്ഥാന വിദ്യാഭ്യാസ ബോർഡ് സിലബസിൽനിന്നും നീക്കം ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ബംഗളൂരു ആർച്ച് ബിഷപ്പ് റവ: പീറ്റർ മക്കാഡോ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
2015ൽ സിദ്ധരാമയ്യ സർക്കാർ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾ തുടങ്ങിയതിനെതിരെ സംഘ്പരിവാർ രംഗത്തെത്തിയിരുന്നു. യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ ഇത് റദ്ദാക്കിയിരുന്നു. ഡി.കെ ശിവകുമാർ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ടിപ്പു ജയന്തി ആഘോഷങ്ങളിൽ പെങ്കടുക്കുകയും ടിപ്പുവിനെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.