കർണാടകയിൽ അധികാര കൈമാറ്റം: ഡി.കെ ശിവകുമാർ ഗവർണറെ കണ്ടു
text_fieldsബെംഗളൂരു: സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അധികാര കൈമാറ്റത്തിന് കളമൊരുങ്ങിയ കർണാടകയിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിച്ച് മുതിർന്ന നേതാവ് ഡി.കെ. ശിവകുമാർ ഗവർണറെ കണ്ടു. ഇന്ന് വൈകീട്ട് കോൺഗ്രസ് നിയമസഭകക്ഷി യോഗം നടക്കാനിരിക്കെയാണ് ഡി.കെ ലോക്ഭവനിലെത്തി ഗവർണർ തവർ ചന്ദിനെ കണ്ടത്.
ഗവർണർ ധർമസ്ഥല സന്ദർശനത്തിന് പുറപ്പെടുമെന്ന വാർത്തകൾക്കു പിന്നാലെയാണ് ഡി.കെ ലോക്ഭവനിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി യാത്ര മാറ്റിവെക്കണമെന്ന് ഡി.കെ ഗവർണറോട് അഭ്യർഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തവർ ചന്ദ് ഗെലോട്ട് ധർമസ്ഥല സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ടുണ്ട്. സർക്കാർ രൂപീകരണ ശ്രമങ്ങൾ തുടരുന്നതിനിടെ, ശിവകുമാറിൽ നിന്നും കോൺഗ്രസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളിൽ നിന്നും കോൺഗ്രസ് നിയമസഭാ പാർട്ടി (സി.എൽ.പി)യുടെ ഔദ്യോഗിക കത്ത് ലഭിച്ചതിനുശേഷം മാത്രമേ ഗവർണർ ഇനി പോകൂ എന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് വൈകീട്ട് സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശിവകുമാർ, കോൺഗ്രസ് ജനറൽ സെക്രട്ടറിയും കർണാടക ചുമതലക്കാരനുമായ രൺദീപ് സുർജേവാല, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കും. ശേഷം ഔദ്യോഗിക കത്ത് ഗവർണർക്ക് കൈമാറും. ജൂൺ മൂന്നിന് ഡി.കെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.
സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് എം.എൽ.എമാരുടെ ഒപ്പുകളുള്ള പിന്തുണാ കത്ത് ഗവർണർക്ക് സമർപ്പിച്ചതിനുശേഷം ഹൈകമാൻഡിനെ കാണാനായി ഡി.കെ ഡൽഹിയിലേക്ക് പുറപ്പെടും. സി.എൽ.പി ആദ്യം നേതാവിനെ തെരഞ്ഞെടുക്കുമെന്നും തുടർന്ന് ഗവർണർക്ക് കത്ത് കൈമാറുമെന്നും പാർട്ടി നേതാവ് പ്രിയങ്ക് ഖാർഗെ അറിയിച്ചു. സിദ്ധരാമയ്യയുടെ സാമ്പത്തിക, സാമൂഹിക ക്ഷേമ അജണ്ടയുടെ തുടർച്ച ഉറപ്പാക്കിക്കൊണ്ട്, അടുത്ത ഭരണം പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഖാർഗെ പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കായാണ് ഡി.കെ ഹൈക്കമാൻഡിനെ കാണുന്നത്. ഏതാനും വിഷയങ്ങളിൽ ഇനിയും തീരുമാനമായിട്ടില്ല. ഉപമുഖ്യമന്ത്രിമാരെ വേണ്ട എന്നാണ് ഡി.കെയുടെ നിലപാട്. എന്നാൽ ഇത് ഹൈക്കമാൻഡ് അംഗീകരിക്കില്ല. എന്നാൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ വെക്കുന്നതിൽ ഹൈക്കമാൻഡിനും എതിരഭിപ്രായമുണ്ട്. 30 എം.എൽ.എമാർ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. അധികാര കൈമാറ്റം വളരെ സുഗമമായി നടക്കുമെന്നും പാർട്ടിയിൽ ഇതിനെച്ചൊല്ലി യാതൊരു തടസ്സങ്ങളുമില്ലെന്നും കോൺഗ്രസ് നേതൃത്വം ഉറപ്പിച്ചു പറയുന്നു.
കർണാടകയിലെ കോൺഗ്രസ് പാർട്ടിയെ അടിത്തട്ടു മുതൽ ശക്തിപ്പെടുത്തുന്നതിലും, പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുന്നതിലും ഡി.കെ. ശിവകുമാർ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയർത്തുന്നത് പാർട്ടിക്ക് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. പുതിയ മന്ത്രിസഭയുടെ രൂപീകരണം സംബന്ധിച്ചും മറ്റ് ഭരണപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുടെ രൂപീകരണമാണ് ഇനി നടക്കാനിരിക്കുന്നത്. ഡി.കെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ നേതാക്കളും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

