Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ശ്രീരാമനേക്കാൾ മഹത്തായ കഥാപാത്രമാണ് സീതയുടേത്’; സ്ത്രീകൾ നേതൃത്വത്തിലേക്ക് വരണമെന്ന് ഡി.കെ. ശിവകുമാർ

text_fields
bookmark_border
dk shivakumar
cancel

ബംഗളൂരു: രാമായണത്തിലെ സീതയുടെ ത്യാഗവും പോരാട്ടവും ചൂണ്ടിക്കാട്ടി സ്ത്രീകൾ കൂടുതൽ നേതൃത്വ പങ്കാളിത്തത്തിലേക്ക് കടന്നുവരണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബംഗളൂരുവിൽ നടന്ന ‘ടുഗദർ വി ഗ്രോ ഇന്റർനാഷനൽ വിമൺ എന്റർപ്രണർഷിപ്പ് ഡേ’യുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്ത്രീകൾക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നും ഗ്രാമപഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ‘രാമായണത്തിൽ ശ്രീരാമനേക്കാൾ മഹത്തായ കഥാപാത്രമാണ് സീതയുടേത്. അവരുടെ ത്യാഗങ്ങളും പോരാട്ടങ്ങളും മാതൃകാപരമാണ്. സ്ത്രീകൾ സ്രഷ്ടാക്കളാണ്, വെല്ലുവിളികളെ അതിജീവിച്ച് സംരംഭങ്ങൾ കെട്ടിപ്പടുത്ത നിങ്ങളും മാതൃകകളാണ്’ -ഡി.കെ. ശിവകുമാർ പറഞ്ഞു.

കുടുംബം കൈകാര്യം ചെയ്യുന്നതിനൊപ്പം വിഭവങ്ങൾ നിയന്ത്രിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും തീരുമാനങ്ങളെടുക്കുകയും സംരംഭങ്ങൾ വളർത്തുകയും ചെയ്യുന്നവരാണ് സ്ത്രീകൾ. സ്ത്രീകളുടെ കഴിവിനും സർഗാത്മകതക്കും ദൃഢനിശ്ചയത്തിനും ആവശ്യമായ മൂലധനം, സാങ്കേതികവിദ്യ, വിപണി എന്നിവ ലഭ്യമാക്കിയാൽ അവർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനാകും. അതിനുള്ള അനുകൂല അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

‘നിങ്ങൾ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവരല്ല’ എന്ന സന്ദേശവും മുഖ്യമന്ത്രി പങ്കുവച്ചു. ഗ്രാമപഞ്ചായത്ത് മുതൽ പാർലമെന്റ് വരെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ നേതാക്കളെ വളർത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നവരാണെന്നും ശിവകുമാർ പറഞ്ഞു. ഇതിന് ഉദാഹരണമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും അദ്ദേഹം പരാമർശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും ഭർത്താവ് രാജീവ് ഗാന്ധിയുടെയും മരണശേഷവും സോണിയ ഗാന്ധി നേരിട്ട പ്രതിസന്ധികളെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ കഴിവും സാധ്യതകളും വ്യക്തമാക്കുന്നതിനിടെ മഹാഭാരതത്തിലെ ദ്രൗപദിയെയും കുന്തിയെയും ശിവകുമാർ പരാമർശിച്ചു. ഇന്ത്യൻ സമൂഹത്തിലെ സ്ത്രീകളെക്കുറിച്ചുള്ള സമീപനത്തിൽ മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സംവരണം രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി അംഗീകരിച്ചിട്ടുണ്ടെന്നും 33 ശതമാനം സംവരണം നിലവിൽ വരുന്നതോടെ സ്ത്രീകളുടെ നേതൃത്വത്തിലേക്കുള്ള കടന്നുവരവ് തടയാൻ കഴിയില്ലെന്നും ശിവകുമാർ അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്റെ വിവിധ പദ്ധതികളും ശിവകുമാർ ചൂണ്ടിക്കാട്ടി. ‘ശക്തി’ പദ്ധതിയിലൂടെ സ്ത്രീകൾക്ക് സംസ്ഥാനത്തെ സർക്കാർ ബസുകളിൽ സൗജന്യ യാത്ര ലഭിക്കുന്നതായും ഇത് അവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ശക്തി, ഗൃഹ ലക്ഷ്മി, ഗൃഹജ്യോതി, അന്ന ഭാഗ്യ, യുവ നിധി കോൺഗ്രസ് സർക്കാരിന്റെ അഞ്ച് ഗ്യാരണ്ടി പദ്ധതിക​ളും ശിവകുമാർ എടുത്തുപറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DK Shivakumar Urges Women to Lead Cites Sitas Character
Next Story