സർക്കാർ സ്കൂളുകൾ സ്വകാര്യ മാനേജ്മെന്റുകൾ ദത്തെടുക്കണമെന്ന് ഡി.കെ ശിവകുമാർ
text_fieldsകർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ
ബംഗളൂരു: ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളെ ദത്തെടുക്കുകയോ അവയുടെ വികസനത്തിൽ സർക്കാരുമായി സഹകരിക്കുകയോ ചെയ്യണമെന്ന് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളോട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച ആവശ്യപ്പെട്ടു.
'നമ്മ ശാലെ നമ്മ ജവാബ്ദാരി' (നമ്മുടെ സ്കൂൾ, നമ്മുടെ ഉത്തരവാദിത്തം) എന്ന പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ 1,000 സർക്കാർ സ്കൂളുകളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പിന്നീട് ഈ പദ്ധതി 2,000 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പരിപാടിയിൽ 56 സ്കൂളുകളുടെ വികസനത്തിനായി 206.10 കോടി രൂപയുടെ 15 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ഇതിന് മുമ്പ് 2026ൽ 33 സ്കൂളുകളുടെ വികസനത്തിനായി 85 കോടി രൂപയുടെ 18 ധാരണാപത്രങ്ങൾ ഒപ്പിട്ടിരുന്നു. കൂടാതെ, 23 സ്കൂളുകളുടെ വികസനത്തിനായി 64 കോടി രൂപയുടെ 12 ധാരണാപത്രങ്ങളിൽ ഒപ്പിടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
‘ആകെ 2,000 സർക്കാർ സ്കൂളുകളെ സ്വകാര്യ സ്കൂളുകളുമായി ബന്ധിപ്പിക്കാനാണ് ഞങ്ങൾ ആലോചിക്കുന്നത്. സംസ്ഥാനത്തെ 6,000 പഞ്ചായത്തുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുമുണ്ട്. ആദ്യഘട്ടത്തിൽ 1,000 സർക്കാർ സ്കൂളുകളെ പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് തുടക്കം മാത്രമാണ്. നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഞങ്ങളുടെ ശ്രമങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ,’ -അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലയിലെ ഓരോ കുട്ടിക്കും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പദ്ധതിയുടെ ഭാഗമായി കുറഞ്ഞത് 1,000 സ്കൂളുകളെയെങ്കിലും ഉൾപ്പെടുത്താൻ കഴിഞ്ഞാൽ കർണാടക രാജ്യത്തിന് മാതൃകയാകുന്ന ചരിത്രനേട്ടം കൈവരിക്കും,’ -അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ശേഷിക്കനുസരിച്ച് സർക്കാർ സ്കൂളുകളെ സഹായിക്കണമെന്ന് സ്വകാര്യ സ്ഥാപനങ്ങളോട് ശിവകുമാർ അഭ്യർഥിച്ചു. വിദഗ്ധരായ അധ്യാപകരെ വിട്ടുനൽകുക, ലാബ് ഉപകരണങ്ങളും കമ്പ്യൂട്ടറുകളും നൽകുക, സ്കൂൾ ബസുകൾ സർക്കാർ വിദ്യാർഥികൾക്ക് ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.
കർണാടകയിൽ പ്രതിവർഷം 8,800 കോടി രൂപയുടെ സിഎസ്ആർ ഫണ്ടുണ്ടെന്നും ഗ്രാമീണ പ്രൈമറി സ്കൂളുകളുടെ വികസനത്തിന് കമ്പനികൾ മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎസ്ആർ ഫണ്ട് വിനിയോഗം സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ചർച്ച നടത്തിയതായും കർണാടകയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഇവിടെനിന്ന് ലഭിക്കുന്ന വരുമാനം മറ്റ് സംസ്ഥാനങ്ങളിൽ ചെലവഴിക്കുന്ന രീതി തടയണമെന്ന് ആവശ്യപ്പെട്ടതായും ശിവകുമാർ പറഞ്ഞു.
രാമനഗര ജില്ലയിൽ 23 സ്കൂളുകൾ നിർമിക്കാൻ ടൊയോട്ട 10–15 കോടി രൂപ വീതം നിക്ഷേപിച്ചതായി ശിവകുമാർ ചൂണ്ടിക്കാട്ടി. സർക്കാർ സ്കൂളുകളുടെ വികസനത്തിന് സഹായിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ പേരിനൊപ്പം സ്വന്തം പേരും ചേർക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് അതിർത്തിക്ക് സമീപമുള്ള ഹെഗ്ഗനൂർ സർക്കാർ സ്കൂളിന് 'ഹെഗ്ഗനൂർ ഗവൺമെന്റ് ടൊയോട്ട സ്കൂൾ' എന്ന് പേര് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

