ശരീരത്തിൽ തൊട്ടതിന് കോൺഗ്രസ് പ്രവർത്തകന്‍റെ കരണത്തടിച്ച് ഡി.കെ. ശിവകുമാർ; വിവാദം
text_fieldsകർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പാർട്ടി പ്രവർത്തകന്‍റെ കരണത്തടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യം
ബംഗളൂരു: ഒപ്പം നടക്കുന്നതിനിടെ അരക്കെട്ടിൽ കൈവെച്ച പാർട്ടി പ്രവർത്തകന്‍റെ കരണത്തടിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. വെള്ളിയാഴ്ച മണ്ഡ്യയിൽ വെച്ചാണ് സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്.
ആശുപത്രിയിൽ കഴിയുന്ന മുൻ എം.പി. മാദേഗൗഡയെ സന്ദർശിച്ച് ശിവകുമാറും പ്രവർത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. കൂട്ടത്തോടെ നടന്നുപോകുന്നതിനിെട ഒരു പ്രവർത്തകൻ ശിവകുമാറിന്‍റെ അരക്കെട്ടിൽ കൈവെക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹം കൈ തട്ടിമാറ്റുകയും ഇടതുകൈ കൊണ്ട് പ്രവർത്തകന്‍റെ കരണത്തടിക്കുകയുമായിരുന്നു. ശിവകുമാർ പ്രവർത്തകനെ അടിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
'ഈ സ്ഥലത്ത് എന്തിനാണ് ഇങ്ങനെ പെരുമാറിയത്? നിങ്ങള്‍ക്ക് ഞാൻ എല്ലാ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ചെയ്യാമെന്ന് അതിനർഥമില്ല' എന്നും ശിവകുമാർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം പ്രവര്‍ത്തകരോട് പോലും ഡി.കെ. ശിവകുമാറിന്‍റെ പെരുമാറ്റം നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് എസ്. പ്രകാശ് കുറ്റപ്പെടുത്തി. പൊതുജീവിതത്തിൽ പുലർത്തേണ്ട യാതൊരു മാന്യതയും പാലിക്കാത്ത ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുവര്‍ഷം മുമ്പ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ കൈ ഡി.കെ. ശിവകുമാര്‍ തട്ടിമാറ്റിയത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

