നിയമസഭയിൽ ആർ.എസ്.എസ് ഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ
text_fieldsബംഗളൂരു: കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ആർ.എസ്.എസ് പ്രാർഥനാ ഗാനം ആലപിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. 'നമസ്തേ സദാ വത്സലേ മാതൃഭൂമേ..' എന്ന ഗാനം ആലപിക്കുന്ന ഡി.കെ ശിവകുമാറിന്‍റെ 73 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോ ഇതിനകം സമൂഹ്യ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവായ ഡി.കെ ശിവകുമാറിന്‍റെ പ്രവൃത്തി ഏറെ വിമർശനങ്ങളും ഇതിനകം ഉണ്ടാക്കിക്കഴിഞ്ഞു.
വിമർശനങ്ങൾ ഉയർന്നതോടെ താൻ ജീവിതകാലം മുഴുവൻ കോൺഗ്രസുകാരനായിരിക്കുമെന്നും ബിജെപിയുമായി കൈകോർക്കാൻ പദ്ധതിയില്ലെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആർ.എസ്.എസിനെ കുറിച്ചുള്ള പരാമർശത്തെ വിമർശിച്ച കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ബി.ജെ.പി ഉന്നയിക്കുന്നത്.
"പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് ആർഎസ്‌എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും ഇപ്പോൾ ആർഎസ്‌എസിനെ പ്രശംസിക്കുന്നു. കോൺഗ്രസിലെ ആരും - തരൂർ മുതൽ ഡികെ ശിവകുമാർ വരെ - രാഹുലിനെ ഗൗരവമായി എടുക്കുന്നില്ലെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു.
ഡി.കെ. ശിവകുമാര്‍ ഒരുകാലത്ത് ആര്‍എസ്എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആര്‍. അശോകയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലിയത്. ജൂൺ 4ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്ത് തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടങ്ങളെ കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

