Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പൈസയില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കൂ’; മോദിയോട് ഡികെ ശിവകുമാർ, പിന്നാലെ നടന്നത്...

text_fields
bookmark_border
‘പൈസയില്ല, എന്റെ ടിക്കറ്റ് കൂടി എടുക്കൂ’; മോദിയോട് ഡികെ ശിവകുമാർ, പിന്നാലെ നടന്നത്...
cancel

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ ബെംഗളൂരു മെട്രോ യാത്രക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മെട്രോ ടിക്കറ്റ് വാങ്ങാൻ തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രധാനമന്ത്രി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുത്തുനൽകിയെന്നാണ് ശിവകുമാർ വെളിപ്പെടുത്തിയത്.

ബംഗളൂരു മെട്രോയുടെ പുതിയ പിങ്ക് ലൈൻ ഉദ്ഘാടനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും ഒരുമിച്ചുള്ള യാത്ര. ശനിയാഴ്ച കലേന അഗ്രഹാരയിൽനിന്ന് എസ്.ജി. പാളയിലേക്ക് മെട്രോയിൽ സഞ്ചരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുമായുള്ള സംഭാഷണം ശിവകുമാർ ഓർത്തെടുത്തത്.

‘എന്റെ കൈയിൽ പണമില്ലായിരുന്നു. അതുകൊണ്ട് എന്റെ ടിക്കറ്റും എടുത്തുതരാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എനിക്കുവേണ്ടിയും അദ്ദേഹം സ്വന്തം കാർഡ് സ്വൈപ് ചെയ്തു’ -ശിവകുമാർ പറഞ്ഞു.

മെട്രോ വികസന പദ്ധതികളുടെ സാമ്പത്തിക ബാധ്യതയെച്ചൊല്ലി കർണാടകയിലെ കോൺഗ്രസ് സർക്കാറും കേന്ദ്ര സർക്കാറും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നതിനിടെയാണ് മോദിയുമായുള്ള സൗഹൃദനിമിഷം ശിവകുമാർ പങ്കുവെച്ചത്.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകരുതെന്നും തെരഞ്ഞെടുപ്പുകളിൽ മാത്രമായി രാഷ്ട്രീയം ഒതുക്കണമെന്നുമായിരുന്നു ശിവകുമാറിന്റെ നിലപാട്.

‘രാജ്യത്തിന്റെ താൽപര്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. തെരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയം പറയാം. വികസനവും രാഷ്ട്രീയവും തമ്മിൽ വ്യത്യാസം വേണ്ടേ? രാജ്യത്ത് വികസനം നടക്കണമെന്നാണ് പ്രധാനമന്ത്രിയും ആഗ്രഹിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിനതീതമായി പ്രധാനമന്ത്രിയുമായി വ്യക്തിപരമായ അടുപ്പവും പരസ്പര ബഹുമാനവുമുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തന്നോട് സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും ഒരേ നേതൃത്വഗുണങ്ങളല്ല ഉള്ളത്. ചിലർ കാര്യങ്ങൾ തുറന്നുപറയാൻ മടിക്കാറുണ്ട്. എന്നാൽ, താൻ അങ്ങനെയല്ലെന്നും മുൻകൈയെടുത്ത് അഭിപ്രായങ്ങൾ വ്യക്തമാക്കാറുണ്ടെന്നും ശിവകുമാർ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ കർണാടക വഹിക്കുന്ന പങ്കും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ നികുതിയും ജി.എസ്.ടിയും സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് കർണാടകയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

പ്രതിവർഷം ഒന്നരലക്ഷം എൻജിനീയർമാരെയും 13,940 ഡോക്ടർമാരെയുമാണ് കർണാടക സൃഷ്ടിക്കുന്നത്. നഴ്സിങ് ഉൾപ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. കർണാടകയുടെ വളർച്ച രാജ്യത്തിന്റെ തന്നെ വളർച്ചക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബർ 13ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈനിലെ 7.5 കിലോമീറ്റർ പാത കലേന അഗ്രഹാരയെയും തവരെകേരെയുമാണ് ബന്ധിപ്പിക്കുന്നത്. ഉദ്ഘാടനശേഷം മോദിക്കൊപ്പം ശിവകുമാറും ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡയും ബി.ജെ.പി എം.പി തേജസ്വി സൂര്യയും മെട്രോയിൽ യാത്ര ചെയ്തിരുന്നു.

ശനിയാഴ്ച വീണ്ടും മെട്രോയിൽ യാത്ര ചെയ്ത മുഖ്യമന്ത്രി യാത്രക്കാരുമായി സംവദിക്കുകയും പുതിയ പാതയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ട്രെയിൻ നിയന്ത്രിച്ച വനിതാ ജീവനക്കാരിയുമായും അദ്ദേഹം സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - DK Shivakumar Shares Memorable Metro Ride Experience with PM Modi
Next Story