Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രാജി സമർപ്പിക്കാൻ...

'രാജി സമർപ്പിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ സ്വീകരിക്കാൻ ഞാൻ തയാർ': കോൺഗ്രസ് എം.എൽ.എമാർക്ക് കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

text_fields
bookmark_border
D.K. Shivakumar
cancel
camera_alt

ഡി.കെ. ശിവകുമാർ

ബംഗളൂരു: കർണാടകയിൽ മന്ത്രിസഭാ വികാസത്തിന് പിന്നാലെ പാർട്ടിയിൽ പുകയുന്ന പ്രതിഷേധങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രാജി ഭീഷണി മുഴക്കുന്ന എം.എൽ.എമാർക്ക് മുന്നിൽ പാർട്ടി വഴങ്ങില്ലെന്നും, ആരെങ്കിലും രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം അത് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് എം.എൽ.എമാരായ യശ്വന്തരയഗൗഡ വി. പാട്ടീലും ബേലൂർ ഗോപാലകൃഷ്ണയും കർണാടക നിയമസഭയിൽ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ കടുത്ത നിലപാട്.

'ആരെങ്കിലും രാജി നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിൽ നിന്ന് തടയാൻ ആർക്കും കഴിയില്ല. എന്നാൽ, ഒരാൾ രാജി നൽകിയാൽ നിമിഷങ്ങൾക്കകം ഞാൻ അത് സ്വീകരിക്കും. രാഷ്ട്രീയത്തിൽ രാജികൾ സ്വാഭാവികമാണ്,' ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഡി.കെ. ശിവകുമാർ പറഞ്ഞു. വ്യക്തിപരമായ രാഷ്ട്രീയ അഭിലാഷങ്ങളേക്കാൾ പ്രധാനം കോൺഗ്രസ് പ്രസ്ഥാനമാണെന്ന് എം.എൽ.എമാരെ ശിവകുമാർ ഓർമിപ്പിച്ചു. പാർട്ടി നിലനിന്നാൽ മാത്രമേ എല്ലാവർക്കും ഭാവി ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ രാഷ്ട്രീയ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം.

ധരം സിങ്, സിദ്ധരാമയ്യ എന്നിവരുടെ ഭരണകാലത്ത് തനിക്കും മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെന്നും എന്നാൽ താനും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ക്ഷമയോടെ പാർട്ടിയിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ബംഗാരപ്പ, മല്ലികാർജുൻ ഖാർഗെ, ധരം സിങ് തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് അവർ മുഖ്യമന്ത്രിമാരായി മാറി എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തിങ്കളാഴ്ച നടന്ന കർണാടക മന്ത്രിസഭാ വികസനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പരമാവധി അംഗസംഖ്യയായ 34 പേരെ ഉൾപ്പെടുത്തി പൂർത്തിയാക്കിയിരുന്നു. 20 പേരാണ് പുതിയതായി മന്ത്രിസഭയിൽ എത്തിയത്. അതിൽ 12 പുതിയ മുഖങ്ങളും എട്ട് മുൻ മന്ത്രിമാരും ഉൾപ്പെടുന്നു. ഗായത്രി ശാന്തഗൗഡയാണ് മന്ത്രിസഭയിലെ ഏക വനിത. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന 45-ഓളം മുതിർന്ന നേതാക്കളിൽ ഭൂരിഭാഗത്തിനും അവസരം ലഭിക്കാത്തതാണ് പാർട്ടിയിൽ വൻ അമർഷത്തിന് കാരണമായത്.

ഇൻഡി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ യശ്വന്തരയഗൗഡ വി. പാട്ടീൽ വിധാനസൗധയിലെത്തി ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലാമണിക്ക് രാജി സമർപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ ബംഗളൂരുവിൽ വൻ പ്രതിഷേധ പ്രകടനം നടത്തി. സാഗർ മണ്ഡലത്തിലെ എം.എൽ.എ ബേലൂർ ഗോപാലകൃഷ്ണയും നിയമസഭാംഗത്വവും ബോർഡ് ചെയർമാൻ സ്ഥാനവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ വരും ദിവസങ്ങളിൽ വിവിധ ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും അധ്യക്ഷ പദവികൾ ഉടൻ പുനഃസംഘടിപ്പിക്കുമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ കാലാവധി കഴിഞ്ഞ ഭരണസമിതികളിൽ നിന്ന് രാജിവെക്കാൻ ആവശ്യപ്പെടുമെന്നും, മന്ത്രിസ്ഥാനം ലഭിക്കാത്ത അർഹരായ നേതാക്കൾക്ക് ബോർഡ്-കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ നൽകി അസംതൃപ്തി പരിഹരിക്കാനാണ് പാർട്ടി ഹൈക്കമാൻഡിന്റെ നീക്കമെന്നും സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetDK Shivakumarpolitical controversyGovernment of KarnatakaLatest News
News Summary - കോൺഗ്രസ് എം.എൽ.എമാർക്ക് കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ
Next Story