വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു; തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ഡി.കെ. ശിവകുമാറിനെതിരെ കേസ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു. തന്റെ സഹോദരൻ ഡി.കെ. സുരേഷിന് വോട്ട് ചെയ്താൽ കാവേരി നദിയിൽ നിന്ന് വെള്ളം എത്തിച്ചുനൽകുമെന്ന് ബംഗളൂരുവിലെ വോട്ടർമാർക്ക് വാഗ്ദാനം നൽകി എന്നാരോപിച്ചാണ് കേസ്. പ്രസംഗത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബംഗളൂരു റൂറൽ മണ്ഡലത്തിൽ നിന്നാണ് ഡി.കെ. സുരേഷ് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ഡി.കെയുടെ പ്രസംഗം എന്നാരോപിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ കേസെടുത്തിരിക്കുന്നത്. കൈക്കൂലി വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
''ഞാനിവിടെ വന്നിരിക്കുന്നത് ഒരു ഡീലിനാണ്. നിങ്ങൾക്ക് കാവേരി നദിയിലെ വെള്ളവും സി.എ സൈറ്റും വേണോ? മറ്റ് വിഷയങ്ങളെല്ലാം ചെറുതാണ്. ഈ രണ്ടുകാര്യങ്ങൾ പരിഹരിച്ചാൽ എനിക്ക് പകരം എന്തു നൽകും. ഈ വിഷയം കമ്മീഷണറുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. എന്തുചെയ്യാൻ പറ്റുമെന്ന് ഞാൻ ചോദിച്ചു. പങ്കുവെക്കലിലും ചേർത്തുനിർത്തുന്നതിലുമാണ് ഞാൻ വിശ്വസിക്കുന്നത്. നിങ്ങളെന്നോട് കൂറുകാണിച്ചാൽ ഞാനതിന് പ്രതിഫലം നൽകും. അനുകൂലമായി വോട്ട് ചെയ്താൽ ഏതാനും മാസങ്ങൾക്കകം നിങ്ങളുടെ വീടുകളിൽ വെള്ളമെത്തും. ഉറപ്പ്.''-എന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഡി.കെ. ശിവകുമാർ പ്രസംഗിച്ചത്.
കഴിഞ്ഞ രണ്ടുമാസമായി ബംഗളൂരുവിലെ ജനങ്ങൾ കടുത്ത വെള്ളക്ഷാമമാണ് അനുഭവിക്കുന്നത്. കാവേരി നദിയെയും ഭൂഗർഭ ജലത്തെയുമാണ് ബംഗളൂരു ജനത വെള്ളത്തിനായി ആശ്രയിക്കുന്നത്. കുടിവെള്ളേതര ഉപയോഗങ്ങൾക്കായി മലിനജല ശുദ്ധീകരണ പ്ലാന്റുകൾ വഴി സംസ്കരിച്ച റീസൈക്കിൾ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. മഴ ലഭിക്കാത്തതിനാൽ ഭൂഗർഭ ജലത്തിന്റെ ലഭ്യതയും നന്നായി കുറഞ്ഞു. ഒരു ദിവസം നഗരത്തിൽ 2600,2800 മില്യൺ ലിറ്റർ വെള്ളമാണ് വേണ്ടത്. അതിന്റെ പകുതി മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. അതിനാൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുകയാണ് ബംഗളൂരു ജനത. ഏപ്രിൽ 26, മേയ് 7 തീയതികളിലായി രണ്ടുഘട്ടങ്ങളിലായാണ് കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

