ഡി.കെ. ശിവകുമാറിെൻറ മകളും വി.ജി. സിദ്ധാർഥയുടെ മകനും വിവാഹിതരാകുന്നു
text_fieldsബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിെൻറ മകൾ ഐശ്വര്യ ശിവകുമാറും കഫേ കോഫി ഡെ സ്ഥാപകൻ അന്തരിച്ച വി.ജി. സിദ്ധാർഥയുടെ മകൻ അമർത്യ ഹെഗ്ഡെയും വിവാഹിതരാകുന്നു. കഴിഞ്ഞവർഷം വി.ജി. സിദ്ധാർഥ മരിക്കുന്നതിനുമുമ്പുതന്നെ ഇരുവരും തമ്മിലുള്ള വിവാഹം പറഞ്ഞുവെച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് വിവാഹം സംബന്ധിച്ച തീരുമാനമാകുന്നത്. ഈ വർഷം അവസാനത്തോടെ വിവാഹം നടത്താനാണ് തീരുമാനം.
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനായ സിദ്ധാർഥയുമായി ഡി.കെ. ശിവകുമാറിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ശിവകുമാറിെൻറ രാഷ്ട്രീയ ഗുരു കൂടിയായ എസ്.എം. കൃഷ്ണ ബി.ജെ.പിയിലേക്ക് മാറിയെങ്കിലും ഇപ്പോഴും ഇരുവരും തമ്മിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്.
എൻജിനീയറിങ് ബിരുദധാരിയായ ഐശ്വര്യ നിലവിൽ ഡി.കെ. ശിവകുമാർ സ്ഥാപിച്ച ഗ്ലോബൽ അക്കാദമി ഒാഫ് എൻജിനീയറിങ്ങിെൻറ ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിച്ചുവരുകയാണ്. കഴിഞ്ഞ ജൂലൈയിലാണ് കഫെ കോഫി ഡെ സ്ഥാപകൻ വി.ജി. സിദ്ധാർഥ മംഗളൂരു നേത്രാവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
