വിവാഹമോചനം; മധ്യസ്ഥ ചർച്ചയിലെ ധാരണയിൽനിന്ന് ദമ്പതികൾക്ക് ഏകപക്ഷീയമായി പിന്മാറാനാവില്ല -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: വിവാഹമോചനക്കേസുകളിൽ മധ്യസ്ഥ ചർച്ചയിലൂടെ ഉണ്ടാക്കിയ ധാരണകളിൽ നിന്നും പിന്നീട് ഏകപക്ഷീയമായി പിന്മാറാൻ ദമ്പതികൾക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ച ശേഷം അതിൽനിന്ന് മാറുന്നത് മധ്യസ്ഥത എന്ന സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ദമ്പതികൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാൻ സാധിക്കാത്തവിധം വഷളായ സാഹചര്യത്തിൽ ഭരണഘടനയുടെ 142ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ജസ്റ്റിസ് രാജേഷ് ബിന്ദൽ, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച ശേഷമാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.
2000ൽ വിവാഹിതരായ ദമ്പതികൾ 2022 മുതൽ അകന്നു കഴിയുകയായിരുന്നു. 2024ൽ മധ്യസ്ഥ ചർച്ചകൾക്ക് പിന്നാലെ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആദ്യഘട്ട അനുമതി ലഭിച്ചു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഭാര്യ പിന്മാറുകയും ഗാർഹിക പീഡന നിയമപ്രകാരം പരാതി നൽകുകയും ചെയ്തു. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി.
വിവാഹമോചന ധാരണയിൽനിന്ന് പിന്മാറിയ ശേഷം ഭാര്യ ഭർത്താവിനെതിരെ ഫയൽ ചെയ്ത ഗാർഹിക പീഡനക്കേസ് കോടതി റദ്ദാക്കുകയും ചെയ്തു. 23 വർഷത്തെ ദാമ്പത്യത്തിന് ശേഷം പെട്ടെന്നുണ്ടായ ഇത്തരം കേസുകൾ കേവലം വൈകാരികമായ തിരിച്ചടിയോ പ്രതികാര ബുദ്ധിയോ ആണെന്നും നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്നും കോടതി പറഞ്ഞു. 1.5 കോടി രൂപയുടെ ജീവനാംശത്തിൽ പകുതിയും വാങ്ങി മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷമായിരുന്നു യുവതിയുടെ പിന്മാറ്റം.
മധ്യസ്ഥൻ സാക്ഷ്യപ്പെടുത്തിയ കരാറിൽനിന്ന് വ്യക്തമായ കാരണങ്ങളില്ലാതെ മാറുന്നത് നിയമലംഘനമാണ്. വഞ്ചനയോ ഭീഷണിയോ വഴി ഉണ്ടാക്കിയ കരാറാണെങ്കിൽ മാത്രമോ അല്ലെങ്കിൽ ഒരു കക്ഷി വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ മാത്രമേ പിന്മാറ്റത്തിന് അനുവാദമുള്ളൂ.
ഹിന്ദു വിവാഹ നിയമത്തിൽ 'ബന്ധം വേർപെടുത്താനാവാത്ത വിധം തകരുക' എന്നത് വിവാഹമോചനത്തിന് നേരിട്ടുള്ള കാരണമല്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ നീതി നടപ്പാക്കാൻ സുപ്രീം കോടതിക്ക് ഇടപെടാം. കേസുമായി ബന്ധപ്പെട്ട എല്ലാ സിവിൽ, ക്രിമിനൽ നടപടികളും കോടതി അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

