ചെന്നൈ: ബീഫ്, പന്നിയിറച്ചി ബിരിയാണികൾ വിളമ്പരുതെന്ന തിരുപ്പത്തൂർ ജില്ല കലക്ടറുടെ ഉത്തരവിനെ തുടർന്ന് മേയ് 13 മുതൽ 15 വരെ നടക്കാനിരുന്ന പ്രശസ്തമായ 'ആമ്പൂർ ബിരിയാണി മേള' മാറ്റിവെച്ചു. മേളയിൽ പോർക്ക് ബിരിയാണിയും ബീഫ് ബിരിയാണിയും വിളമ്പുന്നതിനെതിരെ ഇരുവിഭാഗമാളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് കലക്ടർ അമർ കുശ്വാഹ ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.
ഇതോടെ, വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങി. ആമ്പൂരിൽ ബീഫ് ബിരിയാണി പ്രചാരത്തിലുണ്ടെങ്കിലും പന്നിയിറച്ചി ബിരിയാണി വിൽപന താരതമ്യേന കുറവാണ്. ബീഫ് നിരോധന ആവശ്യമുയർന്നപ്പോഴാണ് പന്നിയിറച്ചി ബിരിയാണിക്കെതിരെയും എതിർപ്പുയർന്നത്.
വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയ സംഘടനകൾ മേള നടക്കുന്നതിന് സമീപം ബീഫ് ബിരിയാണി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കനത്ത മഴ പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണ് മേള മാറ്റിവെച്ചതെന്ന് കലക്ടർ വിശദീകരിച്ചു.
മേളയുടെ പുതിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ സാമുദായികാടിസ്ഥാനത്തിലുള്ള വിവേചനത്തെ ചോദ്യം ചെയ്ത് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ കമീഷൻ തിരുപ്പത്തൂർ കലക്ടർ അമർ കുശ്വാഹക്ക് നോട്ടീസ് അയച്ചു.