'വിയോജിക്കാനുള്ള അവകാശമാണത്, വിധിയോടുള്ള വിസമ്മത പ്രകടനം കുറ്റകൃത്യമല്ല': ബാബരി വിധിയിലെ പോസ്റ്ററുകൾക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
text_fieldsബംഗളൂരു: ബാബരി മസ്ജിദ് കേസിലെ സുപ്രീം കോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് പോസ്റ്ററുകൾ പതിച്ചതിന് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. മംഗളൂരുവിൽ പോസ്റ്റർ പതിച്ചതിന് 13 പേർക്കെതിരെ ചുമത്തിയ കേസാണ് ഹൈക്കോടതി തള്ളിയത്. ഭരണഘടന ഉറപ്പുനൽകുന്ന വിയോജിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് പോസ്റ്ററുകളെന്ന് ജസ്റ്റിസ് എച്ച്. പി. സന്ദേഷ് വ്യക്തമാക്കി.
"കോടതി വിധിയോടുള്ള വിസമ്മത പ്രകടനം മാത്രമാണിത്. സമൂഹത്തിൽ ഭിന്നതയോ സ്പർദ്ധയോ വളർത്താൻ ഇത് കാരണമായിട്ടില്ല. നീതി നിഷേധിക്കപ്പെട്ടു എന്നും അതിനായി ശബ്ദമുയർത്തണമെന്നുമാണ് പോസ്റ്ററുകളിൽ പറയുന്നത്. ഇത് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്," കോടതി ചൂണ്ടിക്കാട്ടി.
1992-ൽ തകർക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റിന് വിട്ടുനൽകിക്കൊണ്ട് 2019-ലാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയ പ്രസ്താവിച്ചത്. ഈ വിധിക്ക് പിന്നാലെ 2019 നവംബർ 16-ന് മംഗളൂരു സൗത്ത് പൊലീസാണ് പോസ്റ്ററുകൾക്കെതിരെ സ്വമേധയാ കേസെടുത്തത്. സുപ്രീം കോടതി വിധി നീതിനിഷേധമാണെന്ന രീതിയിലാണ് പോസ്റ്ററുകളിലെ ഉള്ളടക്കമെന്നായിരുന്നു പൊലീസിന്റെ ആരോപണം.
മുഹമ്മദ് ഹനീഫ് എന്ന വ്യക്തിക്കും മറ്റ് 12 പേർക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 153A, 295A വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. രാജ്യത്ത് ക്രമസമാധാന നില തകർക്കാനും സൗഹാർദ്ദം തകർക്കാനും ഇത്തരം പോസ്റ്ററുകൾ ഇടയാക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ, ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഇസ്മായിൽ മുനീബ് മുസ്ബ വാദിച്ചു. സർക്കാരിന്റെയോ കോടതികളുടെയോ തീരുമാനങ്ങളോട് നിയമപരമായ രീതിയിൽ വിയോജിക്കാനും ശബ്ദമുയർത്താനും ജനാധിപത്യ രാജ്യത്ത് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാവേദ് അഹമ്മദ് ഹജാം കേസിലെ സുപ്രീം കോടതിയുടെ മുൻ ഉത്തരവും ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.
കേസിലെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം, പോസ്റ്ററുകൾ കേവലം പരമോന്നത കോടതി വിധിയോടുള്ള വിയോജിപ്പ് മാത്രമാണ് പ്രകടിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. "നീതി ലഭിച്ചില്ലെന്നും നീതിക്കായി ശബ്ദമുയർത്തണമെന്നും മാത്രമാണ് പോസ്റ്ററുകളിലുള്ളത്. ഇത്തരം വാചകങ്ങൾ ഐ.പി.സി 153A, 295A വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമായി കാണാനാകില്ല. ഈ വകുപ്പ് ചുമത്തണമെങ്കിൽ ഭരണകൂടത്തിനെതിരെയോ സമൂഹത്തിനെതിരെയോ ഉള്ള രാജ്യദ്രോഹപരമായ ഘടകങ്ങൾ ഉണ്ടാകണം," എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് പൂർണ്ണമായും റദ്ദാക്കിയത്.

