മദ്യലഹരിയിൽ തർക്കം: മകനെ വെട്ടിക്കൊന്ന് മൃതദേഹം വീടിനുള്ളിൽ ഒളിപ്പിച്ച പിതാവ് പിടിയിൽ
text_fieldsഉത്തർപ്രദേശ്: ലഖിംപൂർ ഖേരിയിലുള്ള ഭവാനിപൂർ ഗ്രാമത്തിൽ മദ്യപിച്ചുള്ള തർക്കത്തിനൊടുവിൽ പിതാവ് മുപ്പതുകാരനായ മകനെ വെട്ടിക്കൊലപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മുനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച് മുനീഷും പിതാവായ ദയാറാമും നല്ല രീതിയിൽ മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ ചെറിയ കാര്യത്തെച്ചൊല്ലി വഴക്കുണ്ടാവുകയും തർക്കത്തിനിടയിൽ മുനീഷ് പിതാവിനെ ആക്രമിക്കുകയും ചെയ്തു. ഇതിൽ ദേഷ്യം വന്ന ദയാറാം കയ്യിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മകനെ ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടേറ്റ മുനീഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.
കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ ദയാറാം മകന്റെ മൃതദേഹം വീട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ചു. എന്നാൽ കുറച്ചു സമയത്തിനുശേഷം തന്നെ മുനീഷിന്റെ മരണവിവരം നാട്ടുകാർ അറിയാൻ ഇടയായി. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ ദയാറാമിന്റെ സഹോദരി ഭീര പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയായ ദയാറാമിനെ അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മദ്യപിച്ച് അച്ഛനും മകനും തമ്മിലുണ്ടായ ചെറിയൊരു വഴക്കാണ് വലിയൊരു കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും സർക്കിൾ ഓഫീസർ രമേഷ് തിവാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

