നൽകാനുള്ള പണം ചോദിച്ചതിൽ തർക്കം: വ്യാപാരിയുടെ കൈകൾ ഗ്രൈൻഡർ ഉപയോഗിച്ച് അറുത്തു; മൂന്ന് പേർ പിടിയിൽ
text_fieldsന്യൂഡൽഹി: വിവാഹസദ്യ ഒരുക്കിയതിന്റെ ബാക്കി തുക ചോദിച്ചെത്തിയ പലഹാര വ്യാപാരിയുടെ കൈകൾ ഇലക്ട്രിക് ഗ്രൈൻഡർ ഉപയോഗിച്ച് അറുത്തുമാറ്റി. ഡൽഹിയിലെ വിജയ് എൻക്ലേവിൽ വെള്ളിയാഴ്ച രാത്രിയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അജയ് പാലിനെ (53) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിജയ് എൻക്ലേവ് സ്വദേശിയായ ലോകേഷ് ഗുപ്തയ്ക്കാണ് (32) ഗുരുതരമായി പരിക്കേറ്റത്.
പലഹാരങ്ങൾ നിർമിച്ചു നൽകുന്നതിനൊപ്പം ടെന്റ് സർവിസും നടത്തുന്നയാളാണ് ലോകേഷ് ഗുപ്ത. ഏപ്രിൽ 20ന് പ്രതിയായ അജയ് പാലിന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ ലോകേഷായിരുന്നു ഭക്ഷണം ഒരുക്കിയത്. ആകെ 2.5 ലക്ഷം രൂപയായിരുന്നു ബില്ല്. ഇതിൽ രണ്ട് ലക്ഷത്തോളം രൂപ അജയ് പാൽ നൽകാനുണ്ടായിരുന്നു. ഈ തുക ആവശ്യപ്പെട്ട് അജയ് പാലിന്റെ വീട്ടിലെത്തിയതായിരുന്നു ലോകേഷ്. തുടർന്നുണ്ടായ തർക്കത്തിനിടെ അജയ് പാലും സംഘവും ലോകേഷിനെ ബലം പ്രയോഗിച്ച് വീടിന്റെ ടെറസിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഇലക്ട്രിക് ഗ്രൈൻഡർ ഉപയോഗിച്ച് രണ്ട് കൈകളിലും ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചു കിടന്ന ലോകേഷിനെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ ഉടൻ ഡബ്രി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകേഷ് നിലവിൽ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ലോകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

