ഭർത്താവും ഭാര്യയും തമ്മിലെ തർക്കം കുട്ടിയെ ബാധിക്കരുത്-സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭാര്യ-ഭർതൃ തർക്കം കുട്ടിയെ ദോഷകരമായി ബാധിക്കരുതെന്ന് സുപ്രീംകോടതി. വിവാഹമോചിതരായ ദമ്പതികളുടെ 13കാരനായ മകനെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിേക്കണ്ട ബാധ്യത പിതാവിനുണ്ടെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, എ.എസ്. ബോപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
18 വയസുവരെ മകെൻറ ചെലവിലേക്കായി മാതാവിന് 50,000 രൂപ പ്രതിമാസം നൽകാനും കരസേന ഉദ്യോഗസ്ഥനായ പിതാവിനോട് കോടതി നിർദേശിച്ചു. 2005 നവംബറിൽ വിവാഹിതരാവുകയും 2011 മുതൽ വേർപിരിഞ്ഞ് താമസിക്കുകയും ചെയ്യുന്ന ദമ്പതികൾ തമ്മിലെ കേസിലാണ് കോടതി ഇടപെടൽ.
നേരത്തെ കുടുംബ കോടതി ഇവർക്ക് വിവാഹമോചനം നൽകിയിരുന്നു. 2011 മുതൽ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ ഇനി ഇരുവരും ഒരുമിച്ച് താമസിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ കാര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഇവരുടെ കുട്ടി ദാമ്പത്യ തർക്കംമൂലം ബുദ്ധിമുട്ട് അനുഭവിക്കാൻ ഇടവരരുതെന്ന് ചൂണ്ടിക്കാട്ടി. മാതാവിന് വരുമാനമില്ല. അതിനാൽ, കുട്ടിയുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കും അവർക്ക് നിശ്ചിത തുക പിതാവ് നൽകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഭർത്താവിനെതിരെ വിവാഹേതര ബന്ധം ചൂണ്ടിക്കാണിച്ചാണ് ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്. ഭാര്യയുടെ പീഡനങ്ങൾക്കെതിരെ ജയ്പൂരിലെ കുടുംബകോടതിയിൽ ഭർത്താവും പരാതി നൽകിയിരുന്നു. ഇതംഗീകരിച്ചാണ് വിവാഹമോചനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

