എല്ലാ കണ്ണുകളും എസ്.ഐ.ആറിൽ
text_fieldsപട്ന: ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) ചർച്ചയിൽ. പോളിങ് നില ഉയരാൻ ഇത് കാരണമായോ എന്നതാണ് പാർട്ടികൾ ആലോചിക്കുന്നത്. പോളിങ് വർധന ആർക്ക് ഗുണമാകുമെന്ന ചർച്ചയും നടക്കുന്നു. ഹരിയാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണംപോലെ, ഉയർന്ന പോളിങ്ങിൽ എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന സംശയവും ഇല്ലാതില്ല.
ഒന്നാംഘട്ടത്തിൽ 18 ജില്ലകളിലായി 121 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ 64.66 ശതമാനമാണ് പോളിങ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് 2000ത്തിൽ രേഖപ്പെടുത്തിയ 62.57 ശതമാനമാണ്. അതുപോലും ഒന്നാംഘട്ടം മറികടന്നു. സ്ത്രീകൾ കൂട്ടത്തോടെ വോട്ട് ചെയ്തതും പുറംനാടുകളിൽ ജോലി ചെയ്യുന്നവർ ഛഠ് പൂജക്കായി വീട്ടിലേക്ക് മടങ്ങിയെത്തിയതും ഇതിന് കാരണമായി പറയുന്നുണ്ട്.
വോട്ടിങ്ങിലെ ഈ കുതിച്ചുചാട്ടത്തിന് നിരവധി ഘടകങ്ങൾ കാരണമാണെങ്കിലും എസ്.ഐ.ആർ ഒരു പ്രധാന കാര്യമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ വോട്ടർമാരുടെ എണ്ണം 7.89 കോടിയായിരുന്നു. എസ്.ഐ.ആർ മൂലം 69.30 ലക്ഷം പേർ പുറത്തായി. 21.53 ലക്ഷം പുതിയ പേരുകൾ ചേർത്തു.
അങ്ങനെ, ഇത്തവണ ആകെ വോട്ടർമാരുടെ എണ്ണം 7.42 കോടിയായി. മുൻ തെരഞ്ഞെടുപ്പിനേക്കാൾ 47 ലക്ഷം വോട്ടർമാർ കുറവാണ്. പേര് നീക്കിയവരിൽ ചിലരുടേത് രണ്ട് സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിലർ മറ്റിടങ്ങളിലേക്ക് മാറിയിരുന്നു. ചിലർ മരിച്ചു.
2025 ജൂൺ 24ലെ ഉത്തരവ് പ്രകാരം എസ്.ഐ.ആറിന്റെ ഭാഗമായി ഓരോ വോട്ടറും യോഗ്യത തെളിയിക്കുന്ന ഫോമുകൾ വീണ്ടും സമർപ്പിക്കണം. വോട്ടർപട്ടികയുടെ ശുദ്ധീകരണമായാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഇതിനെ വിശേഷിപ്പിച്ചത്. പോളിങ് വർധനവിനുള്ള കാരണമായും കമീഷൻ എസ്.ഐ.ആറിനെ കാണുന്നു. എന്നാൽ, പാർശ്വവത്കൃത സമൂഹങ്ങൾ പുറന്തള്ളപ്പെട്ടതായി പ്രതിപക്ഷ സഖ്യം ആരോപിച്ചു.
ഈ ‘ബമ്പർ വോട്ടിങ്’ നവംബർ 14 ചരിത്ര ദിനമായി മാറാൻ വഴിയൊരുക്കുമെന്ന് ‘ജൻ സുരാജ്’ തലവനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോർ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ പുതിയ സാധ്യതയോടുള്ള വോട്ടർമാരുടെ ആവേശമായി അദ്ദേഹം പോളിങ് ഉയർന്നതിനെ കാണുന്നു.
ഇത് തന്റെ പാർട്ടിക്കുള്ള ശുഭസൂചനയാണെന്നും വോട്ടുചെയ്യാൻ യുവതീ യുവാക്കൾ വൻതോതിൽ എത്തിയിട്ടുണ്ടെന്നും മാറ്റം ആസന്നമാണെന്നും അദ്ദേഹം പറയുന്നു. ബിഹാർ ചരിത്രത്തിൽ, ഇതിലും കുറഞ്ഞ വോട്ടിങ് ശതമാനവും ഭരണമാറ്റത്തിന് കാരണമായിട്ടുണ്ട്. 2000 ഒക്ടോബർ-നവംബർ മാസങ്ങളിൽ വോട്ടിങ് ശതമാനം അമ്പതിൽ താഴെയായിരുന്നു. എങ്കിലും ആർ.ജെ.ഡി ഭരണം മാറി. ഒരു വർഷത്തിനുള്ളിൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണ് കുറഞ്ഞ വോട്ടിങ്ങിന് കാരണമെന്ന് വിലയിരുത്തലുണ്ടായിരുന്നു. പോളിങ് കൂടിയത് തങ്ങൾക്ക് അനുകൂലമായാണ് എൻ.ഡി.എ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

